അഡ്‌ലെയ്‌ഡ്: ചരിത്രം കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ട്രേലയയില്‍ നിന്ന് മടങ്ങി. സംഭവബഹുലമായ ഒരു ക്രിക്കറ്റ് പരമ്പര. ക്രിക്കറ്റിന്‍റെ എല്ലാ മേഖലയിലും തുല്യ ശക്തികളുടെ പോരാട്ടം. പരിക്കും വംശീയ അധിക്ഷേപവും സ്ലെഡ്‌ജിങും എല്ലാം മറികടന്ന് ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. ബോർഡർ ഗവാസ്‌കർ ട്രോഫി ഇന്ത്യ നിലനിർത്തുകയും ചെയ്തു. ഇന്ത്യയുടെ അഭിമാനം വാനോളം ഉയർന്ന നിമിഷങ്ങളാണ് ബ്രിസ്‌ബെയിനിലെ ജയം സമ്മാനിച്ചത്. ക്രിക്കറ്റിന്‍റെ സുന്ദര ദിവസങ്ങൾ ഓസ്ട്രേലിയയ്ക്ക് സമ്മാനിച്ച ഇന്ത്യൻ ക്രിക്കറ്റിനും ഇന്ത്യയിലെ ക്രിക്കറ്റ് സുഹൃത്തുക്കൾക്കും ബിസിസിഐയും നന്ദി അറിയിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കത്ത് പുറത്തുവന്നു.
ഓസ്ട്രേലിയൻ ക്രിക്കറ്റ് എക്കാലവും ബിസിസിഐയോട് നന്ദിയും കടപ്പാടും കാത്തുസൂക്ഷിക്കുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ട്വീറ്റ് ചെയ്ത കത്തിന്‍റെ തുടക്കം. കോടിക്കണക്കിന് ആളുകളെ സന്തോഷിപ്പിക്കാൻ ഈ പരമ്പര കൊണ്ട് സാധിച്ചു. ബിസിസിഐയുടെ സൗഹൃദം അതിന് കാരണമായി. കൊവിഡ് മഹാമാരിക്കാലത്ത് എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റിന് ഒപ്പം നിന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ, പരിശീലകർ, സപ്പോർട്ടിങ് സ്റ്റാഫ് എന്നിവർക്ക് നന്ദി അറിയിക്കുന്നു എന്നാണ് കത്തിലെ രണ്ടാം പാരഗ്രാഫില്‍ പറയുന്നത്. ഒൻപത് ആഴ്‌ചകളാണ് ഏകദിന, ടി-20, ടെസ്റ്റ് പരമ്പരകൾക്കായി ഇന്ത്യൻ ടീം ഓസ്ട്രേലിയയില്‍ ചെലവഴിച്ചത്.