മെല്‍ബണ്‍: സിഡ്‌നി ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തിരിച്ചടി. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഉപനായകന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊവിഡ് 19 മാനദണ്ഡങ്ങള്‍ ലംഘിച്ചു. ഇവരെ നിലവില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രോഹിത് ശര്‍മയെ കൂടാതെ റിഷഭ് പന്ത്, ശുഭ്‌മാന്‍ ഗില്‍, പൃഥ്വി ഷാ, നവദീപ് സെയിനി എന്നിവരാണ് കൊവിഡ് ബബിള്‍ ലംഘിച്ചത്. താരങ്ങള്‍ ബബിളിന് പുറത്ത് പോയ ദൃശ്യങ്ങള്‍ ഇന്ത്യന്‍ ആരാധകന്‍ സാമൂഹ്യമാധ്യമത്തിലൂടെ പുറത്ത് വിട്ടത് ഇതിനകം വൈറലായിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ ഇവരെ ഐസൊലേഷനിലേക്ക് മാറ്റിയത്. മെല്‍ബണിലെ ഭോജനശാലയില്‍ പുതുവത്സരം ആഘോഷിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
സംഭവത്തെ കുറിച്ച് ബിസിസിഐയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും അന്വേഷണം ആരംഭിച്ചു. ഭോജനശാലയിലെത്തിയ റിഷഭ് പന്തിനെ കെട്ടിപിടിച്ച് ആഹ്ലാദം പങ്കുവെച്ചതായി ആരാധകന്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഐസൊലേഷനില്‍ കഴിയുന്ന താരങ്ങള്‍ പരിശീലനത്തിനും മറ്റും ടീം അംഗങ്ങള്‍ക്കൊപ്പമാകില്ല യാത്ര ചെയ്യുക. പ്രത്യേകം വാഹനത്തില്‍ യാത്ര ചെയ്യുന്ന സംഘത്തിന് പരിശീലനത്തിനും പ്രത്യേകം സംവിധാനം ഒരുക്കും. അഞ്ചംഗ സംഘം നിലവിലെ സാഹചര്യത്തില്‍ സിഡ്‌നിയില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഇതേവരെ ഉറപ്പുണ്ടായിട്ടില്ല. ജനുവരി ഏഴ് മുതല്‍ സിഡ്‌നിയിലാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള മൂന്നാമത്തെ ടെസ്റ്റ്. നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരു ടീമുകളും ഓരോ ജയം വീതം സ്വന്തമാക്കിയിട്ടുണ്ട്.