സിഡ്‌നി: പിങ്ക് ബോള്‍ സന്നാഹ മത്സരത്തില്‍ പ്രഥമ ഫസ്റ്റ് ക്ലാസ് അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര. വിദേശത്ത് ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കുന്നതിന് മുന്നോടിയായി സിഡ്‌നിയിലാണ് പിങ്ക് ബോള്‍ സന്നാഹ മത്സരം സംഘടിപ്പിച്ചത്.
ഇന്ത്യന്‍ എ ടീമും ഓസ്‌ട്രേലിയന്‍ എ ടീമും തമ്മിലായിരുന്നു പോരാട്ടം. മത്സരത്തില്‍ പത്താമനായി ഇറങ്ങിയ ബുമ്ര വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്. ബുമ്ര സിക്‌സടിച്ചാണ് അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയത്. വെള്ളിയാഴ്‌ച ആരംഭിച്ച സന്നാഹ മത്സരത്തില്‍ ബുമ്ര 57 പന്തില്‍ 55 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യന്‍ നിരയില്‍ ടോപ്പ് സ്‌കോറര്‍ ബുമ്രയാണ്. രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബുമ്രയുടെ ഇന്നിങ്സ്.
നേരത്തെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ ഇന്നിങ്സില്‍ 194 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ബുമ്രയെ കൂടാതെ 40 റണ്‍സെടുത്ത ഓപ്പണര്‍ പൃഥ്വി ഷായും 43 റണ്‍സെടുത്ത ശുഭ്‌മാന്‍ ഗില്ലും 15 റണ്‍സെടുത്ത ഹനുമാ വിഹാരിയും 22 റണ്‍സെടുത്ത മുഹമ്മദ് സിറാജും മാത്രമാണ് രണ്ടക്കം കടന്നത്.
മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ സീന്‍ അബോട് ഓസ്‌ട്രേലിയയെ മുന്നില്‍ നിന്നും നയിച്ചു. സന്നാഹ മത്സരത്തില്‍ ഒന്നാം ദിനം അവസാനം വിവരം ലഭിക്കുമ്പോള്‍ ഓസ്‌ട്രേലിയ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 104 റണ്‍സെടുത്തു. 26 റണ്‍സെടുത്ത മാര്‍കസ് ഹാരിസും 19 റണ്‍സെടുത്ത നിക് മാഡിസണും 32 റണ്‍സെടുത്ത അലക്‌സ് കാരിയും 12 റണ്‍സെടുത്ത ജാക്ക് വില്‍ഡര്‍മൗത്തുമാണ് രണ്ടക്കം കടന്നത്. ഇന്ത്യന്‍ പേസ് ആക്രമണത്തിന് മുന്നില്‍ ഓസ്‌ട്രേലിയന്‍ എ ടീം തകര്‍ന്നടിയുകയായിരുന്നു. മുഹമ്മദ് ഷമി, നവദീപ് സെയ്‌നി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ ജസ്‌പ്രീത് ബുമ്ര രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും സ്വന്തമാക്കി.