ഓസ്ട്രേലിയ ഉയർത്തിയ 273 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 237 റൺസെടുക്കാനെ കഴിഞ്ഞുള്ളു. മധ്യനിര ബാറ്റ്സ്മാന്മാരുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇന്നിംഗ്സിന്‍റെ നാലാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 12 റൺസെടുത്ത ശിഖർ ധവാനാണ് ആദ്യം പുറത്തായത്. രണ്ടാം വിക്കറ്റില്‍ രോഹിത് ശർമ്മയും (56) വിരാട് കോഹ്ലിയും ചേർന്ന് ടീം സ്കോർ മുന്നോട്ട് നയിച്ചു. കോഹ്ലി (20) പുറത്തായതോടെ ഇന്ത്യൻ മധ്യനിര തകരുന്ന കാഴ്ചയാണ് ഫിറോസ് ഷാ കോട്ലയില്‍ കണ്ടത്. റിഷഭ് പന്ത് (16), വിജയ് ശങ്കർ (16), ജഡേജ (0) എന്നിവർക്ക് മികവിലേക്ക് ഉയരാനായില്ല.
ഏഴാം വിക്കറ്റില്‍ കേദാർ ജാദവും ഭുവനേശ്വർ കുമാറും ചേർന്ന് 91 റൺസ് നേടിയത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയിരുന്നു. ഓസ്ട്രേലിയയെയും ക്രിക്കറ്റ് ആരാധകരെയും ഞെട്ടിക്കുന്ന പ്രകടനമാണ് ഭുവനേശ്വർ കുമാർ ഇന്ന് കാഴ്ചവച്ചത്. 54 പന്തില്‍ നിന്ന് മൂന്ന് ഫോറും രണ്ട് സിക്സും സഹിതം ഭുവി 46 റൺസ് നേടിയപ്പോൾ കേദാർ ജാദവ് 44 റൺസ് നേടി പുറത്തായി. ഓസ്ട്രേലിയക്ക് വേണ്ടി ആഡം സാംപ മൂന്നും പാറ്റ് കമ്മിൻസ്, ജൈ റിച്ചാർഡ്സൺ, മാർക്കസ് സ്റ്റോയിനിസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ ഉസ്മാൻ ഖ്വാജയുടെ സെഞ്ച്വറി മികവില്‍ 272 റൺസ് നേടി. പീറ്റർ ഹാൻസ്കോമ്പ് അർധ സെഞ്ച്വറിയുമായി മികച്ച പിന്തുണ നല്‍കി. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാർ മൂന്നും ഷമി, ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ലോകകപ്പ് അടുത്തിരിക്കുന്ന സമയത്ത് ടി-20 പരമ്പരയോടൊപ്പം ഏകദിന പരമ്പര കൂടി നഷ്ടപ്പെടുത്തിയത് ഇന്ത്യക്ക് വൻ തിരിച്ചടിയാണ്.