സിഡ്‌നി: ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ടീം ഇന്ത്യക്ക് എതിരെ 12 റണ്‍സിന്‍റെ ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. സിഡ്‌നിയില്‍ ആതിഥേയര്‍ ഉയര്‍ത്തിയ 187 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 174 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
അര്‍ദ്ധസെഞ്ച്വറിയോടെ 85 റണ്‍സെടുത്ത നായകന്‍ വിരാട് കോലിയാണ് ടീം ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 28 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാന്‍, 10 റണ്‍സെടുത്ത മലയാളി താരം സഞ്ജു സാംസണ്‍, 20 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യ, 17 റണ്‍സെടുത്ത ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ടക്കം കടന്നു.
ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചല്‍ സ്വെപ്‌സണ്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍, ആദം സാംപ, ആന്‍ഡ്രു ടൈ, അബോട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ടോസ് നേടിയ ടീം ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ മാത്യു വെയ്‌ഡിന്‍റെയും വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെയും കരുത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയര്‍ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തി. അര്‍ദ്ധസെഞ്ച്വറിയോടെ 80 റണ്‍സെടുത്ത് ഓപ്പണര്‍ വെയ്‌ഡും അര്‍ദ്ധസെഞ്ച്വറിയോടെ 54 റണ്‍സെടുത്ത് മാക്‌സ്‌വെല്ലും പുറത്തായി. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 90 റണ്‍സാണ് നേടിയത്.
ഓസ്‌ട്രേലിയക്ക് എതിരായ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പര വിരാട് കോലിയും കൂട്ടരും 2-0ത്തിന് സ്വന്തമാക്കിയിരുന്നു. കാന്‍ബറയില്‍ നടന്ന ആദ്യ ടി20യില്‍ 11 റണ്‍സിന്‍റെയും സിഡ്‌നിയില്‍ നടന്ന രണ്ടാം ടി20യില്‍ ആറ് വിക്കറ്റിന്‍റെയും ജയമാണ് ടീം ഇന്ത്യക്ക് ലഭിച്ചത്.