ബ്രിസ്ബെൻ: ബ്രിസ്ബെൻ ടെസ്റ്റില്‍ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഓസീസ് വിക്കറ്റ് നഷ്ടമാകാതെ 21 റൺസെന്ന നിലയില്‍. ഇതോടെ ഇന്ത്യയ്ക്കെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് 54 റൺസിന്‍റെ ലീഡ്. 20 റൺസുമായി ഡേവിഡ് വാർണറും ഒരു റൺസുമായി മാർകസ് ഹാരിസുമാണ് ക്രീസില്‍. നേരത്തെ ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 369 റൺസിന് മറുപടിയായി ഇന്ത്യ 336 റൺസിന് ഓൾഔട്ടായിരുന്നു.
അരങ്ങേറ്റ മത്സരത്തില്‍ അർധ സെഞ്ച്വറിയുമായി തിളങ്ങിയ വാഷിങ്ടൺ സുന്ദറും ടെസ്റ്റ് കരിയറിലെ ആദ്യ അർധ സെഞ്ച്വറിയുമായി ശാർദുല്‍ താക്കൂറും പിടിച്ചു നിന്നതോടെയാണ് ബ്രിസ്‌ബെയിനില്‍ ഇന്ത്യ 300 കടന്നത്. ഇന്ന് രണ്ടിന് 62 എന്ന നിലയില്‍ മത്സരം ആരംഭിച്ച ഇന്ത്യയ്ക്ക് മധ്യനിരയിലെ വിക്കറ്റുകൾ അതിവേഗം നഷ്ടമായിരുന്നു.
ചേതേശ്വർ പുജാര (25), നായകൻ അജിങ്ക്യ രഹാനെ (37), മായങ്ക് അഗർവാൾ (38), റിഷഭ് പന്ത് ( 23) എന്നിവരെ പുറത്താക്കി ഓസ്ട്രേലിയ മത്സരത്തില്‍ മേല്‍ക്കൈ നേടിയെങ്കിലും സുന്ദറും ശാർദുലും ചേർന്ന് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 എന്ന നിലയില്‍ നിന്നാണ് ഇന്ത്യ 300 കടന്നത്. ഏഴാം വിക്കറ്റില്‍ സുന്ദറിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷമാണ് ശാർദുല്‍ (67 ) പുറത്തായത്. ശാർദുലാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ.
അരങ്ങേറ്റത്തില്‍ അർധസെഞ്ച്വറിയും മൂന്ന് വിക്കറ്റും നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമായി ഇന്നത്തെ മത്സരത്തില്‍ വാഷിങ്ടൺ സുന്ദർ മാറി. സുന്ദർ (62) റൺസെടുത്ത് പുറത്തായി. ഇരുവരും ചേർന്ന് നേടിയ 123 റൺസാണ് ഇന്ത്യൻ സ്കോർ ബോർഡിന്‍റെ നട്ടെല്ല്. ഓസീസ് മണ്ണില്‍ ഏഴാം വിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. രണ്ട് വർഷത്തിന് ശേഷം കരിയറിലെ രണ്ടാം ടെസ്റ്റിലാണ് ശാർദുല്‍ അർധസെഞ്ച്വറി നേടിയത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി ജോഷ് ഹാസില്‍വുഡ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.