ന്യൂഡൽഹി:വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പരയ്‌ക്ക് ശേഷം ഇന്ത്യ സിംബാബ്‌വെയിൽ ഏകദിന പരമ്പര കളിക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഓഗസ്റ്റ് 18 നും 22 നും ഇടയിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏഷ്യ കപ്പിന് മുന്നോടിയായിട്ടാണ് മത്സരങ്ങൾ എന്നതിനാൽ സീനിയർ താരങ്ങൾക്ക് പകരം യുവതാരങ്ങൾക്ക് അവസരം നൽകാനാണ് സാധ്യത.
അയർലൻഡിന് എതിരായ ട്വന്‍റി 20 പരമ്പരയിലും ഈ മാസം വെസ്റ്റിൻഡീസിന് എതിരായി നടക്കുന്ന ഏകദിന പരമ്പരയിലും ഇന്ത്യയുടെ രണ്ടാംനിര ടീമിനെയാണ് നിയോഗിച്ചത്. യഥാക്രമം ഹാർദിക് പാണ്ഡ്യ, ശിഖർ ധവാൻ എന്നിവരാണ് ഈ പരമ്പരകളിൽ ടീമിനെ നയിച്ചത്. അവസാന ഏഴ് പരമ്പരകളിലായി ഏഴ് വ്യത്യസ്‌ത ക്യാപ്‌റ്റൻമാരെയാണ് ഇന്ത്യ പരീക്ഷിച്ചത്. അതുകൊണ്ട് തന്നെ സിംബാബ്‌വെയ്‌ക്ക് എതിരെ നായക പരീക്ഷണത്തിന് സാധ്യതയുണ്ട്.
സിംബാബ്‌വെയ്‌ക്ക് എതിരായ ഇന്ത്യൻ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാം നിരയാണ് സിംബാബ്‌വെയ്‌ക്ക് എതിരെ കളിക്കുന്നതെങ്കിൽ മലയാളി താരം സഞ്‌ജു സാംസണടക്കം യുവതാരങ്ങൾക്ക് അവസരം ലഭിക്കും. നിലവിൽ വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന ടീമിനെ മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടീമിൽ യുവതാരങ്ങളാണ് കൂടുതലായും ഇടം നേടിയിരിക്കുന്നത്. ശിഖർ ധവാൻ നയിക്കുന്ന ടീമിൽ സഞ്‌ജു ഇടം നേടിയിട്ടുണ്ട്.
ALSO READ:'അശ്വിനെ ടെസ്റ്റിൽ നിന്ന് മാറ്റാമെങ്കില്‍ കോലിയെ എന്തുകൊണ്ട് ടി20യിൽ നിന്ന് ഒഴിവാക്കിക്കൂടാ': കപിൽ ദേവ്
ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്‌ക്ക് ആതിഥേയത്വം വഹിക്കുന്നതിൽ തങ്ങൾ സന്തുഷ്‌ടരാണ്. അവിസ്‌മരണീയമായ ഒരു പരമ്പരയ്‌ക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. സിംബാബ്‌വെ ക്രിക്കറ്റ് മേധാവി വ്യക്‌തമാക്കി. ആറു വർഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ സിംബാബ്‌വെയിൽ പരമ്പര കളിക്കുന്നത്. 2016 എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം മൂന്ന് വീതം ഏകദിനങ്ങളും ട്വന്‍റി-20 യുമാണ് കളിച്ചത്.