മുംബൈ : ഒമിക്രോൺ സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ദക്ഷിണാഫ്രിക്കൻ പര്യടനം നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. മൂന്ന് വീതം ടെസ്റ്റ്, ഏകദിന മത്സരങ്ങളും നാല് ടി20 മത്സരങ്ങളുമാണ് പരമ്പരയിൽ നിശ്ചയിച്ചിരുന്നത്. എന്നാൽ ടി20 മത്സരങ്ങൾ പിന്നീട് നടത്തുമെന്നും ജയ് ഷാ അറിയിച്ചു.
ഒമിക്രോണ്‍ വകഭേദം ആദ്യമായി കണ്ടെത്തിയ ദക്ഷിണാഫ്രിക്ക ഹൈ റിസ്‌ക് വിഭാഗത്തിൽ വരുന്ന രാജ്യമാണ്. ഈ ആശങ്കകൾക്കിടയിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് പറക്കുന്നത്. ടി20 മത്സരങ്ങളുടെ പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.
ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷം ഡിസംബർ ഒമ്പതിന് ചാര്‍ട്ടേഡ് വിമാനത്തില്‍ ജൊഹനാസ്ബർഗിലേക്ക് തിരിക്കാനാണ് ഇന്ത്യ നിശ്ചയിച്ചിരിക്കുന്നത്. ഡിസംബര്‍ 17 മുതല്‍ ജനുവരി ഏഴ് വരെയാണ് ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക. ജനുവരി 11 നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.
ALSO READ:Racism Scandal: അസീം റഫീഖിനെതിരായ വംശീയാധിക്ഷേപം; പരിശീലക സംഘം ക്ലബ് വിട്ടതായി യോർക്‌ഷെയർ
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായി ഇന്ത്യൻ എ ടീമിനെ നാല് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരക്കായി ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചിരുന്നു. ഗുജറാത്ത് താരം പ്രിയങ്ക് പഞ്ചലിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യ എ ടീം ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്നത്.