ന്യൂഡൽഹി : 2023ലെ സ്ട്രീറ്റ് ചൈൽഡ് ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. സ്ട്രീറ്റ് ചൈൽഡ് യുണൈറ്റഡും സേവ് ദി ചിൽഡ്രൻ ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ലോകകപ്പിൽ 16 രാജ്യങ്ങളിൽ നിന്നുള്ള 22 ടീമുകളെ പങ്കെടുപ്പിക്കും. 2023 ഐസിസി ലോകകപ്പിന് മുന്നോടിയായി സെപ്‌റ്റംബറിൽ നടക്കുന്ന മിക്‌സ്‌ഡ് - ജെൻഡർ ക്രിക്കറ്റ് ലോകകപ്പിൽ തെരുവുമായി ബന്ധമുള്ള കുട്ടികളും യുവാക്കളും പങ്കെടുക്കും.
ബംഗ്ലാദേശ്, ബൊളീവിയ, ബ്രസീൽ, ബുറുണ്ടി, ഇംഗ്ലണ്ട്, ഹംഗറി, മൗറീഷ്യസ്, മെക്‌സിക്കോ, നേപ്പാൾ, റുവാണ്ട, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ടാൻസാനിയ, ഉഗാണ്ട, സിംബാബ്‌വെ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടീമുകളാണ് ഈ വർഷം പങ്കെടുക്കുന്ന രാജ്യങ്ങൾ. 2019 ൽ, എട്ട് ടീമുകളെ പങ്കെടുപ്പിച്ച് ലണ്ടനിൽ ഈ ചാമ്പ്യൻഷിപ്പ് നടന്നപ്പോൾ ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ടീം ഇന്ത്യ സൗത്ത് ജേതാക്കളായി.
തെരുവിൽ താമസിക്കുന്ന കുട്ടികൾ ധാരാളം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. പക്ഷേ പ്രധാന പ്രശ്‌നങ്ങൾ വിദ്യാഭ്യാസത്തിന്‍റെ അഭാവവും സ്വത്വ പ്രതിസന്ധിയുമാണ്. അതോടൊപ്പം ഞങ്ങൾ നിരവധി ആരോഗ്യ പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നു. 2019-ൽ സ്ട്രീറ്റ് ചൈൽഡ് ലോകകപ്പ് കളിക്കാനുള്ള അവസരം ലഭിച്ചപ്പോൾ ഞാൻ വളരെ സന്തോഷവാനായിരുന്നു. അത് എന്‍റെ ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 2019-ൽ സ്ട്രീറ്റ് ചൈൽഡ് ലോകകപ്പിൽ ടീം ഇന്ത്യ നോർത്ത് അംഗമായിരുന്ന സോണി ഖാത്തൂന്‍ പറഞ്ഞു.
ആഗോളതലത്തിൽ ദശലക്ഷത്തോളം യുവാക്കൾക്ക് അവരുടെ സ്വത്വം ലഭ്യമാക്കുന്നതിന് ഈ ലോകകപ്പ് കാരണമാകുമെന്നും തെരുവോരത്തെ കുട്ടികൾക്ക് മികച്ച രീതിയിലുള്ള സംരക്ഷണവും അടിസ്ഥാന സേവനങ്ങളും സർക്കാര്‍ ഉറപ്പാക്കണമെന്നുള്ള ആഹ്വാനം കൂടിയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും സ്ട്രീറ്റ് ചൈൽഡ് യുണൈറ്റഡിന്‍റെ സ്ഥാപകനും സിഇഒയുമായ ജോൺ വ്രോ പറഞ്ഞു.