മുംബൈ: ലോകത്തിന് ക്രിക്കറ്റ് ദൈവത്തെയും രാജാക്കന്മാരെയും സമ്മാനിച്ച ഇന്ത്യയില്‍ നിന്ന് ഒരുപിടി രാജകുമാരന്മാർ കൂടി ലോകത്തിന് മുന്നില്‍ അവതരിച്ചു കഴിഞ്ഞു. അതിനാണ് ഇക്കഴിഞ്ഞ ഐപിഎല്‍ സീസൺ സാക്ഷിയായത്. ഇതിൽ തന്നെ അരങ്ങേറ്റ സീസണിൽ തന്നെ ഞെട്ടിച്ച ചില താരങ്ങളുണ്ട്. ഇത്തരത്തിൽ ഐപിഎല്‍ അരങ്ങേറ്റത്തിൽ ആരാധകരുടെ ഹൃദയങ്ങളിൽ ഇടംപിടിച്ച താരങ്ങളെ നോക്കാം.
തിലക് വർമ; തന്‍റെ ആദ്യ സീസണില്‍ തന്നെ ഞെട്ടിച്ച താരമാണ് മുംബൈ ഇന്ത്യന്‍സിന്‍റെ തിലക് വർമ. ഐപിഎൽ 15-ാം സീസണിന്‍റെ പ്രധാന കണ്ടെത്തലുകളിൽ ഒരാളാണ് തിലക്. 14 മത്സരങ്ങളിൽ നിന്നായി 397 റൺസ് നേടിയ യുവതാരം മുംബൈ ഇന്ത്യൻസിന്‍റെ മോശം പ്രകടനത്തിലും മികച്ചു നിന്നു.
പല മത്സരങ്ങളിലും ടീമിനെ വൻ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ തിലകിനായിരുന്നു. അണ്ടർ 19 ടീമിലൂടെ വളർന്ന തിലക് വര്‍മ്മ ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാൻ കെൽപ്പുള്ള ബാറ്ററാണ്. അധികം വൈകാതെ തന്നെ ഇന്ത്യൻ ടീമിലേക്ക് തിലക് എത്തുമെന്ന് പ്രതീക്ഷിക്കാം.
മൊഹ്‌സിൻ ഖാൻ; ഈ ഐപിഎല്ലിലെ മറ്റൊരു പ്രധാന കണ്ടെത്തലാണ് മൊഹ്‌സിൻ ഖാൻ എന്ന പേസർ. 5.96 ഇകണോമിയുമായി (റൺസ് വിട്ടുകൊടുക്കുന്നതിലെ പിശുക്ക്) സുനിൽ നരെയ്‌ന് പിന്നിൽ ഈ സീസണിലെ മികച്ച രണ്ടാമത്തെ താരം. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനായി ഒമ്പത് മല്‍സരങ്ങള്‍ കളിച്ച താരം 14 വിക്കറ്റുകൾ വീഴ്‌ത്തി.
ഇന്ത്യൻ ടീമില്‍ നിലവില്‍ മികച്ച ഇടം കൈയൻ പേസർമാരെ ആവിശ്യമുണ്ട്. അതുകൊണ്ട് തന്നെ അധികം വൈകാതെ മൊഹ്‌സിൻ ഖാനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്. വേഗം കൊണ്ടും കൃത്യത കൊണ്ടും അതിശയിപ്പിച്ച ഉത്തർപ്രദേശ് താരം. നിർണായക മത്സരങ്ങളിലെല്ലാം ലഖ്‌നൗവിനായി തകർത്തെറിഞ്ഞ യുവ ഇടംകൈയ്യൻ പേസർ തന്‍റെ അരങ്ങേറ്റ സീസൺ ഗംഭീരമാക്കി.
ജിതേഷ് ശർമ; ഇത്തവണ വമ്പനടികൊണ്ട് വിസ്‌മയിപ്പിച്ച പഞ്ചാബ് കിങ്‌സിന്‍റെ വിക്കറ്റ് കീപ്പറാണ് ജിതേഷ് ശർമ. 12 മത്സരങ്ങളിൽ നിന്ന് 163.64 സ്‌ട്രൈക്ക് റേറ്റിൽ 234 റൺസാണ് ജിതേഷ് നേടിയത്. അനായാസം ഷോട്ട് കളിക്കാൻ കെൽപ്പുള്ള പഞ്ചാബ് ബാറ്റര്‍ അരങ്ങേറ്റ സീസണിൽ തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വലിയ സ്ഥിരതയുള്ള താരമല്ലെങ്കിലും വമ്പൻ ഷോട്ട് കളിക്കാൻ ധൈര്യം കാട്ടുന്ന താരമാണ് ജിതേഷ് ശര്‍മ.
ആയുഷ് ബധോനി; ഇത്തവണ ഏറ്റവും ശ്രദ്ധേയ പ്രകടനം നടത്തിയ അരങ്ങേറ്റക്കാരിലൊരാളാണ് ആയുഷ് ബധോനി. ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിന്‍റെ ബാറ്ററായ ബധോനി മധ്യനിരയിൽ മികച്ച പ്രകടനവുമായി കൈയടി നേടി. 360 ഡിഗ്രി ഷോട്ടുകൾ കളിക്കാൻ കെൽപ്പുള്ളവനാണ് ആയുഷ്. ഇന്ത്യൻ ടീമിലേക്ക് എത്താൻ പ്രതിഭയുള്ള താരമാണ് അദ്ദേഹം. 13 മത്സരത്തിൽ നിന്ന് 161 റൺസാണ് ബധോനി നേടിയത്.