ന്യൂഡല്‍ഹി:ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ പരിക്കേറ്റ സ്‌റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് പകരക്കാരനായി ഉമ്രാന്‍ മാലിക്കിനെ പരിഗണിക്കണമെന്ന് പാകിസ്ഥാന്‍ ഇതിഹാസം വസീം അക്രം. ഐ പി എല്ലിന് പിന്നാലെ ഇന്ത്യന്‍ ടീമിലേക്ക് എത്തിയ ഉമ്രാന്‍ മാലിക്കിന് ഇന്ത്യ വേണ്ടത്ര പിന്തുണ നല്‍കണം. കുട്ടി ക്രിക്കറ്റില്‍ മത്സര പരിചയം വളര്‍ത്തിയേടുക്കേണ്ടതാണ് ആവശ്യമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അക്രം അഭിപ്രായപ്പെട്ടു.
വളരെ പെട്ടന്നാണ് ഉമ്രാന്‍ മാലിക്ക് ഇന്ത്യന്‍ നിരയിലേക്കെത്തിയത്. അവന്‍ അയര്‍ലന്‍ഡിനെതിരെ രാജ്യന്തര ടി20 ക്രിക്കറ്റില്‍ കളിച്ചു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന് വേണ്ടത്ര അവസരം ലഭിച്ചില്ല.
എന്‍റെ സ്‌ക്വാഡിലായിരുന്നു മാലിക്ക് ഉണ്ടായിരുന്നതെങ്കില്‍ അദ്ദേഹത്തെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കും. ഉമ്രാന്‍ മാലിക്കിനെ പോലുള്ള താരങ്ങള്‍ക്ക് മത്സരപരിചയമാണ് വേണ്ടത്. അവന് എത്രത്തോളം അവസരം ലഭിക്കുന്നുവോ അതനുസരിച്ച് അദ്ദേഹത്തിന്‍റെ പ്രകടനവും മികച്ചതാകുമെന്നും വസീം അക്രം വ്യക്തമാക്കി.
അതേസമയം ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ബോളര്‍ ബ്രെട്ട് ലീയും ഉമ്രാന്‍ മാലിക്കിനെ പിന്തുണച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച കാര്‍ ഉണ്ടായിട്ടും അത് ഗ്യാരേജില്‍ സൂക്ഷിച്ചിരിക്കുകയാണെങ്കില്‍ പിന്നീട് അത് കൊണ്ട് എന്ത് ഉപകാരമാണ് ഉണ്ടാകുക എന്നായിരുന്നു ബ്രെട്ട് ലീയുടെ പ്രതികരണം. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയാന്‍ സാധിക്കുന്ന താരമാണ് ഉമ്രാന്‍ മാലിക്.
ഫാസ്‌റ്റ്ബോളര്‍മാര്‍ക്ക് അനുകൂലമായ ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ കളിക്കാന്‍ ഇന്ത്യ മാലിക്കിനെ തെരഞ്ഞെടുക്കണമെന്നായിരുന്നു ബ്രെട്ട് ലീയുടെ അഭിപ്രായം. 2021ല്‍ ഐപിഎല്ലില്‍ നടത്തിയ പ്രകടനത്തിന് പിന്നാലെയാണ് ഉമ്രാന്‍ മാലിക് ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധപിടിച്ചുപറ്റിയത്. തുടര്‍ന്ന് അയര്‍ലന്‍ഡിനെതിരെ രാജ്യാന്തര അരങ്ങേറ്റം നടത്തിയ താരം ഇതുവരെ 3 മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്.
പരിക്കേറ്റ ജസ്‌പ്രീത് ബുംറയ്‌ക്ക് പകരക്കാരനെ പ്രഖ്യാപിക്കാതെയാണ് ഇന്ത്യന്‍ ടി20 ലോകകപ്പ് ടീം ഓസ്‌ട്രേലിയയിലേക്ക് പറന്നത്. ബുംറയ്‌ക്ക് പകരം ആര് ഇന്ത്യന്‍ ടീമിലേക്ക് എത്തും എന്നുള്ളത് ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം ഉറ്റുനോക്കുന്നത്. നിലവില്‍ വെറ്ററന്‍ സീമര്‍ മുഹമ്മദ് ഷമി, മൊഹമ്മദ് സിറാജ് എന്നിവര്‍ക്കാണ് സാധ്യത.