ന്യൂഡൽഹി: ഒക്‌ടോബറിൽ ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനും ഈ മാസം ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരകള്‍ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടി20 ലോകകപ്പിനുള്ള 15 അംഗ ടീമില്‍ പേസർമാരായ ജസ്പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേലും ഇടം നേടി. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചില്ല. പകരം ഋഷഭ് പന്തും ദിനേശ് കാര്‍ത്തിക്കുമാണ് ടീമിലിടം നേടിയത്.
രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ അക്ഷര്‍ പട്ടേല്‍ ഇടം കൈയന്‍ സ്പിന്നറായി ടീമിലെത്തിപ്പോള്‍ രവി ബിഷ്ണോയിയും പേസര്‍ ആവേശ് ഖാനും ടീമിൽ നിന്നും പുറത്തായി. രവിചന്ദ്ര അശ്വിനും യുസ്‌വേന്ദ്ര ചാഹലുമാണ് ടീമിലെ സ്പിന്നര്‍മാര്‍. പേസര്‍മാരായി ബുമ്രക്കും ഹര്‍ഷലിനു പുറമെ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിംഗ് എന്നിവരാണുള്ളത്.
ബാറ്റര്‍മാരായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, പേസ് ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാണ് 15 അംഗ ടീമിലുള്ളത്. റിസർവ് താരങ്ങളായി മുഹമ്മദ് ഷമി, ദീപക് ചാഹര്‍, ശ്രേയസ് അയ്യർ, രവി ബിഷ്ണോയിയും എത്തി.
ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്‌റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്‌റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, അക്ഷർ പട്ടേൽ, ജസ്‌പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്‌ദീപ് സിംഗ്.
ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്‌റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്‌റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, അക്ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ഹർഷൽ പട്ടേൽ, ദീപക് ചാഹർ, ജസ്‌പ്രീത് ബുംറ.