കൊളംബോ:ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്‍റി-20 മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. 38 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തി പരമ്പരയിൽ മുന്നിലെത്തിയത്. 165 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്ക 126 റൺസിന് പുറത്തായി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം മത്സരം ചൊവ്വാഴ്‌ച നടക്കും.
3.3 ഓവറുകളിൽ 22 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്‌ത്തിയ ബുവനേശ്വർ കുമാറാണ് കളിയിലെ താരം.
ശ്രീലങ്കയ്ക്ക് വേണ്ടി ചരിത് അസലങ്ക 26 പന്തിൽ 44 റൺസ് നേടി. അസലങ്കയുടെ പ്രകടനമാണ് ശ്രീലങ്കയെ 126 റൺസിലെത്തിച്ചത്. ദീപക് ചഹറിന്‍റെ പന്തിൽ പ്രിഥ്വി ഷായ്ക്ക് ക്യാച്ച് നൽകിയാണ് അസലങ്ക പുറത്തായത്.
അതേസമയം, ശ്രീലങ്കയ്ക്ക് വേണ്ടി അവിഷ്‌കാ ഫെർനാണ്ടോ 23 പന്തുകളിൽ നിന്ന് 26 റൺസ് നേടി. മിനോദ് ഭാനുക ഏഴ് പന്തിൽ നിന്നും 10 റൺസ് നേടി മടങ്ങിയപ്പോൾ ധനഞ്ജയ ഡി സിൽവ 10 പന്തുകളിൽ നിന്നും ഒമ്പത് റൺസാണ് നേടിയത്. ലങ്കയുടെ ക്യാപ്റ്റൻ ദസൂൺ ഷാനക 14 പന്തുകളിൽ നിന്നും 16 റൺസ് നേടി.
ധനഞ്ജയ ഡി സിൽവ (10 പന്തിൽ ഒമ്പത്) ആഷൻ ബണ്ഡാര (19 പന്തിൽ 9), വാനിന്ദു ഹസരംഗ (0), ചാമിക കരുണരത്‌നെ (3), ഇസൂരു ഉഡാന (1), ദുഷ്‌മന്ത ചമീര (1) എന്നിവർ രണ്ടക്കം കണ്ടില്ല.
ഇന്ത്യയ്ക്കായി ബുവനേശ്വർ കുമാർ മൂന്ന് വിക്കറ്റ്, ദീപക് ചഹർ 2 വിക്കറ്റ്, ക്രുനാൽ പാണ്ഡ്യ, ചഹൽ, വരുൺ ചക്രവർത്തി, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
Also Read:സൂര്യകുമാർ യാദവിന് അർധ സെഞ്ചുറി; ശ്രീലങ്കക്ക് 165 റണ്‍സ് വിജയ ലക്ഷ്യം