കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ 225 റണ്‍സിന് ഓൾ ഔട്ട് ആകുകയായിരുന്നു. ഇന്ത്യൻ നിരയിൽ പൃഥ്വി ഷാക്കും, സഞ്ജു സാംസണും, സൂര്യകുമാർ യാദവിനും മാത്രമേ അൽപ സമയമെങ്കിലും പിടിച്ച് നിൽക്കാനായുള്ളു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ക്യാപ്റ്റൻ ശിഖാർ ധവാന്‍റെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായിരുന്നു. 11 പന്തിൽ 13 റണ്‍സെടുത്ത ധവാൻ ദുഷാന്ത ചമീരയുടെ പന്തിൽ മിനോദ് ബനൂക്കക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. പിന്നാലെ പൃഥ്വി ഷായും ക്രീസ് വിട്ടു. 49 പന്തില്‍ 49 റണ്‍സെടുത്ത് അര്‍ധസെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന താരത്തെ ശ്രീലങ്കന്‍ നായകന്‍ ശനക വിക്കറ്റിന് മുന്നില്‍ കുരുക്കി.
അരങ്ങേറ്റ മത്സരത്തില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണെ പ്രവീണ്‍ ജയവിക്രമ പുറത്താക്കി. 46 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളുടെയും ഒരു സിക്‌സിന്‍റെയും അകമ്പടിയോടെ 46 റണ്‍സെടുത്ത സഞ്ജുവിനും അര്‍ധ ശതകം നേടാനായില്ല.
ALSO READ:സഞ്ജുവിന് അരങ്ങേറ്റം; ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു
23 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എന്ന നിലയിലെത്തിയപ്പോൾ മഴ വില്ലനായെത്തി. മഴ മാറി മത്സരം പുനരാരംഭിച്ച ശേഷം ഇന്ത്യക്ക് ആദ്യം നഷ്ടമായത് മനീഷ് പാണ്ഡെയുടെ വിക്കറ്റാണ്. 19 പന്തില്‍ 11 റണ്‍സായിരുന്നു മനീഷ് പാണ്ഡെയുടെ സമ്പാദ്യം. പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയും ക്രീസ് വിട്ടു. 17 പന്തില്‍ 19 റണ്‍സാണ് ഹാര്‍ദിക് നേടിയത്. ഇരുവരേയും പ്രവീണ്‍ ജയവിക്രമ പുറത്താക്കുകയായിരുന്നു.
മികച്ച ഫോമില്‍ കളിക്കുകയായിരുന്ന സൂര്യകുമാറിനെ അകില ധനഞ്ജയ കുരുക്കുകയായിരുന്നു. 37 പന്തില്‍ ഏഴ് ഫോറിന്‍റെ സഹായത്തോടെ 40 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. പിന്നാലെ അധികം ചെറുത്തുനിൽപ്പൊന്നുമില്ലാതെ തന്നെ മറ്റ് ഇന്ത്യൻ താരങ്ങളും ശ്രീലങ്കൻ ബൗളർമാർക്ക് മുന്നിൽ കീഴടങ്ങി. നിതീഷ് റാണ( 7), കൃഷ്ണപ്പ ഗൗതം(2), രാഹുൽ ചാഹർ(13), നവ്ദീപ് സെയ്നി(15) എന്നിവർ വളരെ പെട്ടന്ന് തന്നെ കൂടാരം കയറി.
ശ്രീലങ്കക്കായി അഖില ധനഞ്ജയ, പ്രവീൺ ജയവിക്രമ എന്നിവർ മൂന്നും, ദുഷാന്ത ചമീര രണ്ടും, ചമിക കരുണരത്‌നെ, ദസുന്‍ ഷനക എന്നിവർ ഓരോ വിക്കറ്റും വീതം നേടി.