കൊളംബോ:ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പരക്ക് ജൂലൈ 25ന് തുടക്കം. ഏകദിന പരമ്പരയിലെ വിജയത്തിന് ശേഷം മികച്ച ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ശ്രീലങ്കക്കെതിരെ കളിക്കാനിറങ്ങുന്നത്. മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര 2-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഒരു പിടി യുവതാരങ്ങളാണ് ശിഖർ ധവാന്‍റെ നേതൃത്വത്തിൽ ശ്രീലങ്കയിൽ ഏകദിന, ടി 20 പരമ്പരക്കായി എത്തിയത്. ആദ്യ ഏകദിനം അനായാസം ഇന്ത്യ വിജയിച്ചിരുന്നു. തോൽവിയിലേക്ക് നീങ്ങുകയായിരുന്ന രണ്ടാം ഏകദിനത്തിൽ ദീപക് ചഹാറിന്‍റെ ബാറ്റിങ് മികവിലാണ് ഇന്ത്യ വിജയിച്ചത്. കൂടാതെ പരമ്പര സ്വന്തമാക്കുകയും ചെയ്തു. എന്നാൽ മലയാളി താരം സഞ്ജു സാംസണ്‍ ഉൾപ്പെടെ അഞ്ച് താരങ്ങൾ അരങ്ങേറിയ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് വിജയിക്കാൻ സാധിച്ചില്ല.
മൂന്ന് മത്സരങ്ങളടങ്ങുന്ന ടി 20 പരമ്പരയാണ് ഇന്ത്യ ശ്രീലങ്കക്കെതിരെ കളിക്കുന്നത്. ടി 20 ലേകകപ്പ് അടുത്തതിനാൽ ഈ പരമ്പര ഇരു ടീമുകൾക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ടി 20 ഫോർമാറ്റിൽ തിളങ്ങിയിട്ടുള്ള താരങ്ങളാണ് ഇന്ത്യൻ നിരയിലുള്ളത് എന്നത് ഇന്ത്യയുടെ വിജയ സാധ്യത കൂട്ടുന്നുണ്ട്.
പ്ലേയിങ് ഇലവനിൽ ആരൊക്കെ
ആദ്യത്തെ മത്സരത്തിൽ ഏതൊക്കെ താരങ്ങൾക്ക് അവസരം ലഭിക്കും എന്നതാണ് ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത്. ഏറെക്കുറെ എല്ലാ താരങ്ങളും പുതുമുഖങ്ങളാണെങ്കിൽ പോലും ടീമിൽ ഉൾപ്പെട്ടിട്ടുള്ളവരെല്ലാം തന്നെ ഐ.പി.എല്ലിൽ മികച്ച പ്രകടനം നടത്തിയിട്ടുള്ളവരാണ്. അതിനാൽ തന്നെ ടി 20 ക്രിക്കറ്റിൽ ഇവരാരെയും തന്നെ പുതുമുഖങ്ങൾ എന്ന് വിശേഷിപ്പിക്കേണ്ട ആവശ്യമില്ല.
ശിഖർ ധവാനൊപ്പം പൃഥ്വി ഷാ തന്നെയാകും ഓപ്പണിങ് ചെയ്യുക. ഏകദിനത്തിലും ഷാ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എങ്കിലും കഴിഞ്ഞ ഐ.പി.എല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച ദേവ്ദത്ത് പടിക്കലിനും ഇത്തവണ ഒരു അവസരം ലഭിച്ചേക്കാം. എങ്കിലും ഷായെ ഒഴിവാക്കി പടിക്കലിന് അവസരം നൽകാനുള്ള സാധ്യത വളരെ വിരളമാണ്.
ഏകദിന പരമ്പരയിൽ മനീഷ് പാണ്ഡെക്ക് അധികം തിളങ്ങാനായിട്ടില്ല. പാണ്ഡെക്ക് പകരം ഋതുരാജിനെയോ, നിതീഷ് റണയെയോ പരിഗണിക്കാനും സാധ്യതകളുണ്ട്.
വിക്കറ്റ് കീപ്പർ ആരാകും?