ന്യൂഡൽഹി : ഇന്ത്യൻ താരം ക്രുനാൽ പാണ്ഡ്യക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാറ്റി വെച്ച ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 പരമ്പര നാളെ നടത്തുമെന്ന് ബി.സി.സി.ഐ.
ഇന്ന് ടീമിലെ മറ്റ് താരങ്ങളെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഇവരിൽ ആർക്കും കൊവിഡ് ബാധ ഇല്ലെങ്കിൽ മാത്രമേ മത്സരം നടത്തുകയുള്ളൂ എന്നും ബി.സി.സി.ഐ വ്യക്തമാക്കി.
ഇന്നത്തെ മത്സരത്തിന് മുൻപായി നടത്തിയ ആന്‍റിജൻ പരിശോധനയിലാണ് ക്രുനാലിന് കൊവിഡ് സ്ഥിരീകരിച്ചത്. ക്രുനാലുമായി അടുത്തിടപഴകിയ എട്ട് താരങ്ങൾ ഐസൊലേഷനിലാണ്.
താരങ്ങളുടെ കൊവിഡ് പരിശോധനാഫലം വന്നതിന് ശേഷമാകും മറ്റ് കാര്യങ്ങൾ നിശ്ചയിക്കുക. മറ്റ് താരങ്ങൾക്ക് രോഗബാധയില്ലെങ്കിൽ രണ്ടാം മത്സരം ബുധനാഴ്ചയും മൂന്നാം മത്സരം മുൻപ് നിശ്ചയിച്ച പ്രകാരം വ്യാഴാഴ്ചയും നടത്താനാണ് തീരുമാനം.
ALSO READ:ക്രുനാൽ പാണ്ഡ്യക്ക് കൊവിഡ് ; ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ രണ്ടാം മത്സരം മാറ്റി
അതേസമയം ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കാനിരുന്ന പൃഥ്വി ഷായുടെയും സൂര്യകുമാര്‍ യാദവിന്‍റെയും കാര്യവും അനിശ്ചിതത്വത്തിലാണ്. ക്രുനാലുമായി അടുത്തിടപഴകിയതിനാൽ ഇരുവരും നിരീക്ഷണത്തിലാണ്.
ഇംഗ്ലണ്ട് പരമ്പരയുടെ ഭാഗമായുണ്ടായിരുന്ന മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിക്കേറ്റതോടെയാണ് പൃഥ്വിയേയും സൂര്യയേയും പകരക്കാരായി പരിഗണിച്ചത്. ഇരുവര്‍ക്കും ഇംഗ്ലണ്ടിലേക്ക് പോകാനായില്ലെങ്കില്‍ ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.