കേരളം

kerala

ETV Bharat / sports

കാലിടറി മുന്നേറ്റ നിര, ക്ഷമയോടെ നിന്ന് രാഹുല്‍ ; ശ്രീലങ്കക്കെതിരെ ഇന്ത്യയ്‌ക്ക് നാല് വിക്കറ്റിന്‍റെ ജയം

ശ്രീലങ്കക്കെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ രാഹുലിന്‍റെ ബാറ്റിങ് കരുത്തില്‍ വിജയതീരമണഞ്ഞ് ടീം ഇന്ത്യ ; രണ്ടാം വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയും സ്വന്തം

India  Srilanka  India Srilanka Second ODI  KL Rahul  മുന്നേറ്റ നിര  രാഹുല്‍  ശ്രീലങ്ക  ലങ്ക  ഇന്ത്യ  ജയം  രണ്ടാം ഏകദിനത്തില്‍  ടീം ഇന്ത്യ  പരമ്പര
ശ്രീലങ്കക്കെതിരെ ഇന്ത്യയ്‌ക്ക് നാല് വിക്കറ്റിന്‍റെ ജയം

By

Published : Jan 12, 2023, 10:13 PM IST

കൊല്‍ക്കത്ത :വീറും വാശിയും കലര്‍ന്ന രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് നാല് വിക്കറ്റിന്‍റെ ജയം. 216 റണ്‍സ് വിജയലക്ഷ്യം 43.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ ടീം ഇന്ത്യ മറികടക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും വിജയിച്ചതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ കൈപ്പിടിയിലാക്കി.

216 റണ്‍സ് എന്ന സാമാന്യം ചെറിയ സ്‌കോര്‍ കാര്‍ഡ് ലക്ഷ്യംവച്ച് ഇറങ്ങിയ ഇന്ത്യക്ക് മുന്നേറ്റനിര നിരാശയാണ് നല്‍കിയത്. ആത്മവിശ്വാസത്തോടെ ബാറ്റുവീശിയ ടീം ഇന്ത്യയ്‌ക്ക് അഞ്ചാം ഓവറിലെ അവസാന പന്തില്‍ രോഹിത് ശര്‍മയെ നഷ്‌ടമായി. ശുഭ്മാന്‍ ഗില്ലുമൊത്ത് ആക്രമിച്ച് കളിച്ചുതുടങ്ങവെയാണ് 17 റണ്‍സെടുത്ത രോഹിത്തിനെ ചമിക കരുണരത്‌നെ കുശാല്‍ മെന്‍ഡിസിന്‍റെ കൈകളിലെത്തിച്ച് മടക്കിയത്. രോഹിത്തിന് പിന്നിലായി ഇന്ത്യന്‍ മുന്‍നിര തകരുന്ന കാഴ്ചയ്ക്കാണ് പിന്നീട് ഈഡന്‍ ഗാര്‍ഡന്‍ സാക്ഷിയായത്.

രോഹിത്തിന് പിന്നാലെ ആവിഷ്‌ക ഫെര്‍ണാണ്ടോയുടെ ക്യാച്ചിലൂടെ 21 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും, ലാഹിരു കുമാരയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി വെറും നാല് റണ്‍സ് മാത്രമെടുത്ത് വിരാട് കോലിയും ക്രീസ് വിട്ടതോടെ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പരന്നു. ഈ സമയം 62 ന് മൂന്ന് വിക്കറ്റ് എന്ന സ്‌കോറിലായിരുന്നു ടീം ഇന്ത്യ. എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച ശ്രേയസ് അയ്യരും കെ.എല്‍ രാഹുലും ചേര്‍ന്ന് ഇന്ത്യയെ തോളിലേറ്റി. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഈ കൂട്ടുകെട്ട് പ്രതീക്ഷ വര്‍ധിപ്പിച്ചുവെങ്കിലും ശ്രേയസിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കസുന്‍ രജിത അതിന് ബ്രേക്കിട്ടു. 28 റണ്‍സുമായി ശ്രേയസ് തിരിച്ചുകയറിയതോടെ ഇന്ത്യ വലിയ തകര്‍ച്ച മുന്നില്‍ കണ്ടു.

എന്നാല്‍ മുന്നേറ്റനിര തകര്‍ന്നപ്പോഴും ക്ഷമയോടെ ബാറ്റുവീശിയ രാഹുല്‍ ഇന്ത്യയുടെ പ്രതീക്ഷയേറ്റി. ഇതിന് കൂട്ടായി ആറാമനായി ഹാര്‍ദിക് പാണ്ഡ്യ ക്രീസിലെത്തിയതോടെയാണ് ഇന്ത്യന്‍ ആരാധകര്‍ അല്‍പമെങ്കിലും ആശ്വസിച്ചത്. മോശം പന്തുകള്‍ മാത്രം പ്രഹരിച്ച് ഈ സഖ്യം സ്‌കോര്‍ 150 കടത്തി. സ്‌കോര്‍ 161-ല്‍ നില്‍ക്കെ 53 പന്തുകളില്‍ 36 റണ്‍സുമായി നിന്ന പാണ്ഡ്യയെ കൂടി നഷ്‌ടപ്പെട്ടതോടെ ശ്രീലങ്ക മത്സരത്തിലേക്കുള്ള മടങ്ങിവരവ് അറിയിച്ചു. കരുണരത്‌നെയുടെ പന്തില്‍ കുശാല്‍ മെന്‍ഡിസിന് ക്യാച്ച് നല്‍കിയായിരുന്നു ഹാര്‍ദിക്കിന്‍റെ മടക്കം.

എന്നാല്‍ ബാധ്യതകളത്രയും ചുമലിലേറ്റി 103 പന്തുകളില്‍ നിന്ന് ആറ് ഫോറിന്‍റെ അകമ്പടിയോടെ 64 റണ്‍സെടുത്ത് രാഹുല്‍ പുറത്താകാതെ നിന്നതോടെ വിജയം ഇന്ത്യക്കൊപ്പം ചേര്‍ന്നു. അക്ഷര്‍ പട്ടേലിനെ കൂടി ശ്രീലങ്ക മടക്കിയതോടെ ഇന്ത്യന്‍ ബാറ്റിങ് നിര അവസാനിച്ചു. എന്നാല്‍ കുല്‍ദീപിനെ കൂടെക്കൂട്ടി രാഹുല്‍ ഇന്ത്യയ്‌ക്ക് സ്‌കോര്‍ കാര്‍ഡില്‍ 200 റണ്‍സ് തികച്ചു. പിന്നാലെ തുടര്‍ച്ചയായി ബൗണ്ടറികള്‍ പായിച്ച് രാഹുല്‍ ഇന്ത്യയെ വിജയതീരത്തെത്തിച്ചു.

ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 39.4 ഓവറില്‍ 215 റണ്‍സ് നേടി ഓള്‍ ഔട്ടാവുകയായിരുന്നു. അര്‍ധസെഞ്ചുറി നേടിയ അരങ്ങേറ്റതാരം നുവനിദു ഫെര്‍ണാണ്ടോയാണ് ശ്രീലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. ലങ്കയ്‌ക്കുവേണ്ടി ലാഹിരു കുമാരയും ചമിക കരുണരത്‌നെയും രണ്ട് വിക്കറ്റുകള്‍ വീതവും കസുന്‍ രജിതയും ധനഞ്ജയ ഡി സില്‍വയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ഇന്ത്യയ്ക്കാ‌യി മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ഉമ്രാന്‍ മാലിക് രണ്ടും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റുമെടുത്തു.

ABOUT THE AUTHOR

...view details