കൊളംബോ: ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തിൽ ശ്രീലങ്കക്ക് പൊരുതാവുന്ന സ്കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 9 വിക്കറ്റ് നഷ്ടത്തിൽ 262 റണ്‍സ് നേടി. 43 റണ്‍സ് നേടിയ വാലറ്റക്കാരൻ ചമിക കരുണരത്‌നെയുടെയും 39 റണ്‍സ് നേടിയ ക്യാപ്റ്റൻ ദസുന്‍ ഷനകയുടെയും മികവിലാണ് ലങ്ക മോശമല്ലാത്ത സ്കോറിലേക്ക് എത്തിച്ചേർന്നത്.
കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്താനായതിലൂടെയാണ് ലങ്കയെ 262 എന്ന സ്കേറിൽ ഒതുക്കാൻ ഇന്ത്യക്കായത്. ഇന്ത്യക്കായി ദീപക് ചഹര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
പുറത്താകാതെ 43 റണ്‍സ് നേടിയ വാലറ്റക്കാരൻ ചമിക കരുണരത്‌നെയാണ് ലങ്കയെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. 35 പന്തിൽ രണ്ട് സിക്സിന്‍റെയും ഒരു ഫോറിന്‍റെയും അകമ്പടിയോടെയുമാണ് ചമിക 43 റണ്‍സ് നേടിയത്. ഓപ്പണറായ ആവിഷ്ക ഫെർണാണ്ടോയെ മനീഷ് പാണ്ഡെയുടെ കൈകളിലെത്തിച്ച് ചഹലാണ് വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. 35 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 32 റൺസെടുത്താണ് ഫെർണാണ്ടോ പുറത്തായത്.
ALSO READ:കിഷന് പിറന്നാൾ അരങ്ങേറ്റം, കാത്തിരിപ്പ് തുടർന്ന് സഞ്ജു
തുടർന്ന് അരങ്ങേറ്റ മത്സരം കളിക്കുന്ന ഭാനുക രാജപക്‌സെയെയും ഓപ്പണർ മിനോദ് ഭാനുകയും കൂട്ടുകെട്ട് ഉയർത്താൻ ശ്രമിച്ചെങ്കിലും അടുത്തടുത്ത പന്തുകളിൽ ഇരുവരെയും കുൽദീപ് യാദവ് പുറത്താക്കി. മിനോദ് ഭാനുക 44 പന്തിൽ മൂന്നു ഫോറുകളോടെ 27 റൺസെടുത്ത് പൃഥ്വി ഷായ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങിയപ്പോൾ രാജപക്‌സ 22 പന്തിൽ രണ്ടു ഫോറും രണ്ടു സിക്സും സഹിതം 24 റൺസെടുത്ത് ശിഖർ ധവാനും ക്യാച്ച് സമ്മാനിച്ച് മടങ്ങി.
തുടർന്നിറങ്ങിയ ധനഞ്ജയ ഡി സില്‍വയെ ക്രുണാൻ പാണ്ഡ്യ ഭുവനേശ്വർ കുമാറിന്‍റെ കൈകളിലെത്തിച്ചു. 27 പന്തിൽ നിന്ന് 14 റണ്‍സായിരുന്നു ഡി സില്‍വയുടെ സംഭാവന. ക്യാപ്റ്റൻ ദസുന്‍ ഷനകയുമായി കൂട്ടുകെട്ട് ഉയർത്താൻ ശ്രമിച്ച ചരിത് അസലന്‍കയെ ടീം സ്കോർ 166 ൽ വെച്ച് ദീപക് ചഹാർ ഇഷാൻ കിഷന്‍റെ കൈകളിലെത്തിച്ചു. 65 പന്തിൽ നിന്ന് 38 റണ്‍സ് നേടിയാണ് അസലന്‍ക പുറത്തായത്. തുടർന്ന് ഏഴ് ബാളിൽ എട്ട് റണ്‍സ് എടുത്ത വനിന്ദു ഹസരംഗയെയും ദീപക് ചഹാർ ധവാന്‍റെ കൈകളിലെത്തിച്ചു.
ALSO READ:ശ്രീലങ്ക ബാറ്റ് ചെയ്യുന്നു, സഞ്ജുവില്ല: ഇഷാൻ കിഷന് പിറന്നാൾ മധുരം, സൂര്യകുമാറിനും അരങ്ങേറ്റം
ഒരറ്റത്ത് പിടിച്ച് നിൽക്കുകയായിരുന്ന ക്യാപ്റ്റൻ സുന്‍ ഷനകയെ ചഹറാണ് മടക്കിയയച്ചത്. 50 ബോളിൽ രണ്ട് ഫോറിന്‍റെയും ഒരു സിക്സിന്‍റെയും അകമ്പടിയോടെ 39 റണ്‍സ് നേടിയ ഷനക ഹാര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ഇസുരു ഉദാനയെ (8 റണ്‍സ്) ഹർദിക് പാണ്ഡ്യയും, ദുഷാന്ത ചമീരയെ (13 റണ്‍സ്) റണ്‍ ഔട്ടിലൂടെ ഭുവനേശ്വർ കുമാറും മടക്കി.