കൊളംബോ: സപ്പോർട്ടിങ് സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാറ്റിവെച്ച ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിന് ജൂലൈ 18ന് തുടക്കമാകും. ജൂലൈ 13ന് ആരംഭിക്കേണ്ട ഏകദിന ടി20 മത്സര പരമ്പരയാണ് 18ന് തുടങ്ങുന്നത്. ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിങ് പരിശീലകനായ ഗ്രാന്‍റ് ഫ്ലവറിനും ഡാറ്റാ അനലിസ്റ്റായ ജിടി നിരോഷനുമാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ ടീമിന്‍റെ നിരീക്ഷണ കാലാവധി നീട്ടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പരമ്പര നീട്ടിവെച്ചത്. പുതിയ തീരുമാന പ്രകാരം ഏകദിന മത്സരങ്ങള്‍ ജൂലൈ 18, 20, 23 തിയതികളിലും ടി20 മത്സരങ്ങള്‍ ജൂലൈ 25, 27, 29 തിയതികളിലും നടക്കും. ശിഖര്‍ ധവാന്‍റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ടീം ശ്രീലങ്കക്കക്കെതിരെ ഏകദിന, ടി20 പരമ്പരക്കിറങ്ങുന്നത്. രാഹുല്‍ ദ്രാവിഡാണ് പരിശീലകന്‍.
ഇംഗ്ലണ്ട് ടീമിലെ മൂന്ന് കളിക്കാര്‍ക്കും നാല് സപ്പോർട്ടിങ് സ്റ്റാഫിനും കഴിഞ്ഞ ദിവസം കൊവിഡ് സഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞെത്തിയ ശ്രീലങ്കൻ ടീം പരിശോധന നടത്തിയത്. പരമ്പര നീട്ടിവെയ്ക്കാൻ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡും ബിസിസിഐയും തീരുമാനിച്ചെങ്കിലും പരമ്പരയുടെ സംപ്രേഷണ അവകാശം നേടിയ സോണി സ്പോർട്‌സ് അതിനോട് യോജിച്ചിരുന്നില്ല.
ജൂലൈ 23ന് ഒളിമ്പിക്‌സ് മത്സരങ്ങൾ ആരംഭിക്കുന്നതിനാല്‍ ഏകദിന പരമ്പര നീട്ടാനാകില്ലെന്നാണ് ആദ്യം സോണി സ്പോർട്‌സ് നിലപാട് എടുത്തത്. പിന്നീട് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നടത്തിയ ചർച്ചയെ തുടർന്നാണ് തീയതി നീട്ടിവെയ്ക്കാൻ ധാരണയായത്.
ശിഖർ ധവാൻ നയിക്കുന്ന ടീമില്‍ സഞ്ജു സാംസൺ, ദേവ്‌ദത്ത് പടിക്കല്‍ അടക്കമുള്ള മലയാളി യുവതാരങ്ങളുണ്ട്. ടി20 ലോകകപ്പ് അടക്കമുള്ള പ്രധാന ടൂർണമെന്‍റുകൾ വരാനിരിക്കുന്നതിനാല്‍ ഇന്ത്യൻ യുവതാരങ്ങൾക്ക് ശ്രീലങ്കൻ പര്യടനം നിർണായകമാണ്.