കേരളം

kerala

ETV Bharat / sports

മില്ലര്‍ സെഞ്ച്വറി അടിച്ചിട്ടും പ്രോട്ടീസ് തോറ്റു, രണ്ടാം ടി20യില്‍ 16 റണ്‍സ് ജയവുമായി ഇന്ത്യയ്‌ക്ക് പരമ്പര - വിരാട് കോലി

ഗുവാഹത്തിയില്‍ നടന്ന രണ്ടാം ടി20യില്‍ 16 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഇന്ത്യയ്‌ക്ക് പരമ്പര. സൂര്യകുമാറിന്‍റെയും രാഹുലിന്‍റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

india south africa second t20 highlights  india south africa second t20  india south africa  suryakumar yadav  kl rahul  virat kohli  rohit sharma  david miller  ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടി 20  സൂര്യകുമാര്‍ യാദവ്  ഡേവിഡ് മില്ലര്‍  കെഎല്‍ രാഹുല്‍  വിരാട് കോലി  രോഹിത് ശര്‍മ  ക്വിന്‍റണ്‍ ഡികോക്ക്
മില്ലര്‍ സെഞ്ച്വറി അടിച്ചിട്ടും പ്രോട്ടീസ് തോറ്റു, രണ്ടാം ടി20യില്‍ 16 റണ്‍സ് ജയവുമായി ഇന്ത്യയ്‌ക്ക് പരമ്പര

By

Published : Oct 3, 2022, 8:08 AM IST

Updated : Oct 3, 2022, 9:15 AM IST

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ 16 റണ്‍സിന്‍റെ ഉജ്ജ്വല വിജയത്തോടെ ഇന്ത്യക്ക് പരമ്പര. 47 പന്തില്‍ പുറത്താകാതെ 106 റണ്‍സെടുത്ത് ഡേവിഡ് മില്ലര്‍ കത്തികയറിയെങ്കിലും ദക്ഷിണാഫ്രിക്കയെ വിജയതീരത്ത് എത്തിക്കാനായില്ല. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇതോടെ ഇന്ത്യ 2-0ത്തിന് സ്വന്തമാക്കി. രണ്ടാം ടി20യില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഗുവാഹത്തിയില്‍ 238 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് പ്രോട്ടീസിന് മുന്നില്‍വച്ചത്.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവിന്‍റെയും കെഎല്‍ രാഹുലിന്‍റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യയെ മികച്ച ടോട്ടലിലേക്ക് നയിച്ചത്. 360ഡിഗ്രി പ്ലെയറായ സൂര്യയാണ് മത്സരത്തില്‍ കൂടുതല്‍ ആക്രമണകാരിയായത്. 18 പന്തില്‍ നിന്നും അര്‍ധസെഞ്ച്വറി നേടിയ സ്‌കൈ 22 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ മൊത്തം 61 റണ്‍സാണ് അടിച്ചുകൂട്ടിയത്.

28 പന്തില്‍ നിന്നാണ് കെഎല്‍ രാഹുല്‍ 57 റണ്‍സെടുത്തത്. അഞ്ച് ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു ഇന്ത്യന്‍ വൈസ് ക്യാപ്‌റ്റന്‍റെ ഇന്നിങ്സ്. ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മയോടൊപ്പം(43) 96 റണ്‍സാണ് കെഎല്‍ കൂട്ടിച്ചേര്‍ത്തത്. മികച്ച റണ്‍റേറ്റ് നിലനിര്‍ത്തി മത്സരത്തില്‍ കുതിക്കുകയായിരുന്ന ഈ കൂട്ടുകെട്ടിനെ ഒടുവില്‍ ഒമ്പതാമത്തെ ഓവറില്‍ രോഹിതിനെ പുറത്താക്കി കേശവ് മഹാരാജ് പൊളിക്കുകയായിരുന്നു. രോഹിതിന് പിന്നാലെ 11-ാമത്തെ ഓവറില്‍ മഹാരാജിന് വിക്കറ്റ് നല്‍കി രാഹുലും പവലിയനിലേക്ക് മടങ്ങി.

പിന്നാലെയെത്തിയ വിരാട് കോലിയും സൂര്യകുമാറും അതിവേഗം ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തി. 28 പന്തില്‍ നിന്നും പുറത്താവാതെ ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 49 റണ്‍സാണ് കോലി നേടിയത്. നാലാം വിക്കറ്റില്‍ കോലി സൂര്യകുമാര്‍ കൂട്ടുകെട്ട് 102 റണ്‍സ് ഇന്ത്യന്‍ ഇന്നിങ്‌സിലേക്ക് ചേര്‍ത്തു. 18-ാമത്തെ ഓവറില്‍ സൂര്യകുമാറിനെ റണ്‍ഔട്ടാക്കിയാണ് ദക്ഷിണാഫ്രിക്ക ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ എത്തിയ ദിനേശ് കാര്‍ത്തിക്ക് 7 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 17 റണ്‍സെടുത്തതോടെ ഇന്ത്യന്‍ സ്‌കോര്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 237 റണ്‍സില്‍ അവസാനിച്ചു.

ദക്ഷിണാഫ്രിക്കയ്‌ക്കായി വെയ്‌ന്‍ പാര്‍നലും ലുംഗി എന്‍ഗിടിയും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ബാവുമയെയും വണ്‍ഡൗണ്‍ ബാറ്റര്‍ റിലീ റൂസോയെയും നഷ്‌ടമായി. അര്‍ഷ്‌ദീപ് സിങ് ഏറിഞ്ഞ രണ്ടാം ഓവറിലാണ് രണ്ട് പേരും പുറത്തായത്. പിന്നാലെ ക്വിന്‍റണ്‍ ഡികോക്കും ഏയ്‌ഡന്‍ മാര്‍ക്രവും പ്രോട്ടീസിന്‍റെ സ്കോറിങ് കൂട്ടി. ആറാമത്തെ ഓവറില്‍ മാര്‍ക്രത്തെ ബൗള്‍ഡാക്കി അക്‌സര്‍ പട്ടേല്‍ ഈ കൂട്ടുകെട്ട് പൊളിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 47ന് മൂന്ന്.

തുടര്‍ന്ന് ഡികോക്കിനൊപ്പം ഡേവിഡ് മില്ലര്‍ എത്തിയതോടെ ദക്ഷിണാഫ്രിക്ക വന്‍ മുന്നേറ്റമാണ് മത്സരത്തില്‍ നടത്തിയത്. മില്ലറാണ് കൂട്ടത്തില്‍ കൂടുതല്‍ അപകടകാരിയായത്. 47 പന്തില്‍ എട്ട് ഫോറിന്‍റെയും ഏഴ് സിക്‌സറുകളുടെയും അകമ്പടിയോടെയാണ് മില്ലര്‍ സെഞ്ച്വറി നേടിയത്. മത്സരം കൈവിട്ട നിരാശ അവസാന നിമിഷങ്ങളില്‍ പ്രകടമായിരുന്നെങ്കിലും സെഞ്ച്വറി അടിച്ച് അത് തീര്‍ക്കുകയായിരുന്നു മില്ലര്‍. ഇരുപതാമത്തെ ഓവറില്‍ അക്‌സറിന്‍റെ ബോളില്‍ തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ അടിച്ചാണ് മില്ലര്‍ ഇന്ത്യന്‍ മണ്ണില്‍ മൂന്നക്കം തികച്ചത്.

അതേസമയം 48 പന്തില്‍ മൂന്ന് ഫോറിന്‍റെയും നാല് സിക്‌സറുകളുടെയും അകമ്പടിയില്‍ 69 റണ്‍സ് എടുത്ത ഡീകോക്ക് മത്സരത്തില്‍ മില്ലറിന് മികച്ച പിന്തുണയാണ് നല്‍കിയത്. ഒരു ഘട്ടത്തില്‍ ഈ കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും നിശ്ചിത ഓവറില്‍ 221 റണ്‍സ് എടുക്കാനേ പ്രോട്ടീസിന് സാധിച്ചുളളൂ. ഇന്ത്യന്‍ നിരയില്‍ അര്‍ഷ്‌ദീപ് രണ്ട് വിക്കറ്റും അക്‌സര്‍ ഒരു വിക്കറ്റും നേടി. കെഎല്‍ രാഹുലാണ് പ്ലെയര്‍ ഓഫ്‌ ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടത്.

Last Updated : Oct 3, 2022, 9:15 AM IST

ABOUT THE AUTHOR

...view details