ഗുവാഹത്തി : ബാറ്റെടുത്തവരെല്ലാം തകർത്താടിയതോടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ റൺമല തീർത്ത് ഇന്ത്യ. ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 237 റൺസാണ് നേടിയത്. അർദ്ധ സെഞ്ച്വറി നേടിയ കെ എൽ രാഹുൽ, ക്രീസിൽ നിലയുറപ്പിക്കും മുമ്പേ വെടിക്കെട്ടിന് തിരികൊളുത്തിയ സൂര്യകുമാർ യാദവ് എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ കൂറ്റൻ റൺസിലെത്തിച്ചത്.
ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചത്. വിമര്‍ശനങ്ങളെയെല്ലാം അടിച്ചകറ്റി ഇന്നിങ്‌സിലെ ആദ്യ പന്തിൽ തന്നെ ഫോർ നേടി തുടങ്ങിയ രാഹുലും ക്യാപ്റ്റൻ രോഹിത്തും ചേർന്ന് അടിച്ചുതകർക്കുന്ന കാഴ്‌ചയ്ക്കാണ് ഗുവാഹത്തിയിലെ ആരാധകർ സാക്ഷിയായത്. ഇതോടെ ഇന്ത്യ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 57 റണ്‍സിലെത്തി.
ഒരുവശത്ത് രോഹിത്തിനെ സാക്ഷിയാക്കി രാഹുൽ 24 പന്തിലാണ് അർദ്ധസെഞ്ച്വറി നേടിയത്. 59 പന്തില്‍ നിന്ന് 96 റണ്‍സ് അടിച്ചുകൂട്ടിയ ഈ സഖ്യം പിരിച്ചത് സ്‌പിന്നര്‍ കേശവ് മഹാരാജാണ്. 37 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം 43 റണ്‍സെടുത്ത രോഹിത്തിനെയാണ് ആദ്യം മഹാരാജ് പുറത്താക്കിയത്. പിന്നാലെ രാഹുലിനെയും മഹാരാജ് വിക്കറ്റിന് മുന്നിൽ കുടുക്കി. 28 പന്തില്‍ നിന്ന് നാല് സിക്‌സും അഞ്ച് ഫോറുമടക്കം 57 റണ്‍സെടുത്താണ് രാഹുല്‍ മടങ്ങിയത്.
പിന്നീട് ക്രീസിൽ ഒത്തുചേർന്ന സൂര്യകുമാര്‍ - വിരാട് കോലി സഖ്യം തലങ്ങും വിലങ്ങും ബൗണ്ടറി നേടിയതോടെ പ്രോട്ടീസ് പേസര്‍മാർ സമ്മർദ്ദത്തിലായി. ഇരുവരും തകര്‍ത്തടിച്ചതോടെ 17.2 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 200 കടന്നു. 102 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോറിലേക്ക് ചേര്‍ത്തത്. 18 പന്തില്‍ സൂര്യകുമാര്‍ യാദവ് 50 തികച്ചു. 22 പന്തില്‍ നിന്ന് അഞ്ച് സിക്‌സറുകളും അഞ്ച് ഫോറുകളുമടക്കം 61 റണ്‍സെടുത്ത സൂര്യകുമാർ കോലിയുമായുള്ള ധാരണപ്പിശക് മൂലം റണ്ണൗട്ടാവുകയായിരുന്നു.
അവസാന ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്‌സറുകളുമായി ഡികെ തകര്‍ത്താടി. കോലി 28 പന്തില്‍ 49 പന്തില്‍ ഉം ഡികെ 7 പന്തില്‍ പന്തില്‍ 17 ഉം റണ്‍സുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കൻ നിരയിൽ കേശവ് മഹാരാജ് മാത്രമാണ് മികച്ചുനിന്നത്. കേശവ് നാല് ഓവറിൽ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി. വെയ്ന്‍ പാര്‍നല്‍ നാല് ഓവറില്‍ 54 റണ്‍സും ലുങ്കി എന്‍ഗിഡി 49 റണ്‍സും കാഗിസോ റബാദ 57 റണ്‍സും ആൻറിച്ച് നോർട്ട്ജെ മൂന്ന് ഓവറില്‍ 41 റണ്‍സും വഴങ്ങി.