ദുബായ്: ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ ശ്രീലങ്കയ്‌ക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ 174 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തിലെ തകര്‍ച്ചയെ അതിജീവിച്ച് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്‌ടത്തില്‍ 173 റണ്‍സെടുത്തു. 41 പന്തില്‍ 72 റണ്‍സെടുത്ത രോഹിത് ശര്‍മയും 29 പന്തില്‍ നിന്ന് ഒന്ന് വീതം സിക്‌സും ഫോറുമടക്കം 34 റണ്‍സെടുത്ത സൂര്യകുമാർ യാദവുമാണ് ഇന്ത്യയെ കരകയറ്റിയത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്‌ടമായി. 6 റൺസെടുത്ത കെ.എല്‍ രാഹുൽ മഹീഷ് തീക്ഷണ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ വിരാട് കോലി റണ്ണൊന്നുമെടുക്കാതെ മടങ്ങി. ദില്‍ഷന്‍ മധുഷങ്കയുടെ പന്തില്‍ വമ്പനടിക്ക് ശ്രമിച്ച കോലി ബൗള്‍ഡാകുകയായിരുന്നു. നാല് പന്ത് മാത്രമായിരുന്നു താരത്തിന്റെ ആയുസ്.
പിന്നീട് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് രോഹിത്തുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കി. പതിയെ തുടങ്ങി പിന്നീട് കത്തിക്കയറിയ രോഹിത്തായിരുന്നു കൂടുതല്‍ അപകടകാരി. നിലയുറപ്പിച്ച ശേഷം രോഹിത് ലങ്കന്‍ ബൗളര്‍മാരെ കടന്നാക്രമിച്ചു. സൂര്യകുമാറാകട്ടെ രോഹിത്തിന് ഉറച്ച പിന്തുണ നല്‍കി.
മൂന്നാം ഓവറില്‍ ഒന്നിച്ച ഈ സഖ്യം 13-ാം ഓവറില്‍ പിരിയുമ്പോഴേക്കും ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നിരുന്നു. മൂന്നാം വിക്കറ്റില്‍ 97 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. രോഹിത്തിനെ പുറത്താക്കി ചാമിക കരുണാര്തനെയാണ് ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത്.
വൈകാതെ സൂര്യയും മടങ്ങി. ഷനകയ്ക്കായിരുന്നു വിക്കറ്റ്. ഹാര്‍ദിക് പാണ്ഡ്യ (17), റിഷഭ് പന്ത് (17) എന്നിവര്‍ക്ക് നല്ല തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഇതിനിടെ ദീപക് ഹൂഡ (3) ബൗള്‍ഡായി. ദില്‍ഷന്‍ മധുഷനക ശ്രീലങ്കയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ദസുന്‍ ഷനക, ചാമിക കരുണാര്തനെ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. മഹീഷ് തീക്ഷണ ഒരു വിക്കറ്റ് വീഴ്ത്തി