എഡ്‌ജ്‌ബാസ്റ്റണ്‍: ഇന്ത്യക്കെതിരായ എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റിൽ ഇംഗ്ലണ്ടിന് 378 റണ്‍സ് വിജയലക്ഷ്യം. നാലാം ദിനം മൂന്ന് വിക്കറ്റിന് 125 റണ്‍സെന്ന നിലയിൽ രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യ 245 റണ്‍സിന് എല്ലാവരും പുറത്തായി. 66 റൺസുമായി ചേതേശ്വര്‍ പൂജാരയും 57 റണ്‍സ് നേടിയ റിഷഭ് പന്തുമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.
മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 125 എന്ന നിലയിൽ നാലാം ദിനം ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യയെ പൂജാരയും പന്തും ചേന്ന് 150 കടത്തി. പിന്നാലെ ഇന്ത്യയ്‌ക്ക് നാലാം വിക്കറ്റ് നഷ്‌ടമായി. 168 പന്തില്‍ 66 റൺസെടുത്ത പൂജാരയെ സ്റ്റുവര്‍ട്ട് ബ്രോഡ് അലക്‌സ് ലീസിന്‍റെ കയ്യില്‍ എത്തിച്ചു. ആദ്യ ഇന്നിങ്‌സിൽ നിന്നും വ്യത്യസ്‌തമായി പതിയെയാണ് പന്ത് ബാറ്റ് വീശിയത്.
പിന്നാലെ എത്തിയ ശ്രേയസ് അയ്യർ ആദ്യ ഇന്നിങ്‌സിലേത് പോലെ മികച്ച രീതിയിൽ തുടങ്ങി. എന്നാൽ മാത്യു പോട്ട്‌സിന്‍റെ ഷോട്ട് ബോൾ നേരിടുന്നതിൽ പിഴച്ച ശ്രേയസ്, ജെയിംസ് ആൻഡേഴ്‌സണ് പിടികൊടുത്ത് മടങ്ങി. 26 പന്തില്‍ 19 റണ്‍സാണ് ശ്രേയസിന്‍റെ സംഭാവന.
ആദ്യ ഇന്നിങ്‌സിൽ തകർത്തടിച്ച റിഷഭ് പന്തിനെ മടക്കിയ ജാക്ക് ലീച്ച് ഇംഗ്ലണ്ടിന് ആശ്വാസമേകി. ഇന്ത്യന്‍ സ്‌കോര്‍ 198 ൽ നിൽക്കുമ്പോൾ ലീച്ചിനെതിരെ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച പന്തിനെ സ്ലിപ്പില്‍ ജോ റൂട്ട് പിടികൂടി. പിന്നാലെ നാല് റൺസുമായി ശാര്‍ദൂല്‍ താക്കൂറും മടങ്ങി. തുടർന്ന് ഒത്തുചേർന്ന ജഡേജയും ഷമിയും ചേർന്ന് ഇന്ത്യയെ ലഞ്ചിന് പിരിയുമ്പോള്‍ 229 റണ്‍സില്‍ എത്തിച്ചു.
ALSO READ:ബെയർസ്റ്റോയെ 'കലിപ്പാക്കി' സെഞ്ചുറി അടിപ്പിച്ചത് കോലിയോ?; വീരുവിന്‍റെ നിരീക്ഷണം ഇതാണ്
ലഞ്ചിന് ശേഷം 13 റൺസെടുത്ത മുഹമ്മദ് ഷമിയെ ബെന്‍ സ്റ്റോക്‌സ് മടക്കി. പിന്നാലെ ജഡേജയെ സ്റ്റോക്‌സ് ബൗള്‍ഡാക്കി. സ്റ്റോക്‌സിന് എതിരെ സിക്‌സര്‍ നേടിയ നായകന്‍ ബുംറ അടുത്ത പന്തില്‍ വീണ്ടും സിക്‌സറിന് ശ്രമിച്ച് സാക്ക് ക്രോളിക്ക് ക്യാച്ച് നല്‍കി മടങ്ങി. ഇംഗ്ലണ്ടിനായി നായകൻ ബെന്‍ സ്റ്റോക്‌സ് നാല് വിക്കറ്റെടുത്തപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡും മാത്യു പോട്‌സും രണ്ട് വിക്കറ്റ് വീതമെടുത്തു. ആന്‍ഡേഴ്‌സണും, ലീച്ചും, സ്റ്റോക്‌സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
378 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് മികച്ച നിലയിലാണ്. 21 ഓവറിൽ വിക്കറ്റ് നഷ്‌ടമില്ലാതെ 106 റൺസെന്ന നിലയിലാണ്. ഒരു ദിവസം ബാക്കി നിൽക്കെ ജയത്തിനായി ഇംഗ്ലണ്ടിന് വേണ്ടത് 272 റൺസാണ്.