ഫ്ലോറിഡ: ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ വെസ്‌റ്റിന്‍ഡീസിന് 189 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 7 വിക്കറ്റ് നഷ്‌ടത്തിലാണ് 188 റണ്‍സ് നേടിയത്. ഓപ്പണറായി എത്തി 40 പന്തില്‍ 64 റണ്‍സടിച്ച ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
പതിഞ്ഞ താളത്തില്‍ തുടങ്ങിയ ഇന്ത്യയ്‌ക്കായി ഒന്നാം വിക്കറ്റില്‍ ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും ചേര്‍ന്ന് 38 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ച ഇഷാന്‍ കിഷന് 11 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. അഞ്ചാം ഓവറില്‍ ഡെമനിക്ക് ഡ്രേക്‌സാണ് കിഷനെ പുറത്താക്കിയത്.
രണ്ടാം വിക്കറ്റില്‍ ശ്രേയസിനൊപ്പം ദീപക് ഹൂഡ ചേര്‍ന്നതോടെ ഇന്ത്യന്‍ സ്‌കോറിങ്ങിന് വേഗത കൂടി. പത്തോവറുകള്‍ പൂര്‍ത്തിയായപ്പോള്‍ ഒരുവിക്കറ്റ് നഷ്‌ടത്തില്‍ 95 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. പത്താം ഓവറിലാണ് 30 പന്ത് നേരിട്ട് ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
പിന്നാലെ 12-ാം ഓവര്‍ എറിയാനെത്തിയ ഹെയ്‌ഡന്‍ വാല്‍ഷ് ആണ് അയ്യര്‍-ഹൂഡ കൂട്ടുകെട്ട് തകര്‍ത്തത്. 25 പന്ത് നേരിട്ട ഹൂഡ 38 റണ്‍സാണ് നേടിയത്. തൊട്ടടുത്ത ഓവറില്‍ ജേസണ്‍ ഹോള്‍ഡര്‍ ശ്രേയസിനെയും മടക്കി.
നാലാമനായി ക്രീസിലെത്തിയ സഞ്ജുവിന് തന്‍റെ ശൈലിയില്‍ ബാറ്റ് വീശാന്‍ കഴിഞ്ഞില്ല. 11 പന്തുകള്‍ നേരിട്ട സഞ്ജു 15 റണ്‍സാണ് നേടിയത്. മത്സരത്തില്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ ഒഡിയന്‍ സ്‌മിത്താണ് സഞ്‌ജുവിനെ പുറത്താക്കിയത്.
പിന്നാലെയെത്തിയ ദിനേശ് കാര്‍ത്തിക്കിനും (12) തിളങ്ങാനായില്ല. ഹാര്‍ദിക് പാണ്ഡ്യയുടെ (16 പന്തില്‍ 28) ആക്രമണ ബാറ്റിങ് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. മികച്ച രീതിയില്‍ റണ്‍ കണ്ടെത്തിയ പാണ്ഡ്യ അവസാന ഓവറില്‍ റണ്‍ ഔട്ട് ആകുകയായിരുന്നു. കുല്‍ദീപ് യാദവ് (0), ആവേശ് ഖാന്‍ (1) എന്നിവര്‍ പുറത്താകാതെ നിന്നപ്പോള്‍ 9 റണ്‍സെടുത്ത അക്സര്‍ പട്ടേലിനെയും സ്‌മിത്താണ് പുറത്താക്കിയത്.
വെസ്‌റ്റിന്‍ഡീസിനായി ഒഡിയന്‍ സ്‌മിത്ത് മൂന്ന് വിക്കറ്റ് നേടി. ഹോള്‍ഡര്‍, ഡ്രേക്‌സ്, വാല്‍ഷ് എന്നിവര്‍ ഓരോവിക്കറ്റും മത്സരത്തില്‍ സ്വന്തമാക്കി.