വിശാഖപട്ടണം: ഇന്ത്യയ്‌ക്കെതിരായ ട്വന്‍റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 180 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്‌ടത്തില്‍ 179 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്‌ക്വാദിന്‍റെയും ഇഷാന്‍ കിഷന്‍റെയും വെടിക്കെട്ട് പ്രകടനം നടത്തിയപ്പോൾ മധ്യനിര ബാറ്റര്‍മാര്‍ നിറംമങ്ങിയതാണ് ഇന്ത്യയെ 200 ന് താഴെ ഒതുക്കിയത്.
ടോസ് നഷ്‌ടമായെങ്കിലും ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ഋതുരാജ് ഗെയ്‌ക്വാദും മികച്ച തുടക്കമാണ് നൽകിയത്. കിഷനെ കാഴ്‌ചക്കാരനാക്കി ഗെയ്‌ക്വാദ് അതിവേഗം സ്‌കോര്‍ ഉയര്‍ത്തി. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്‌ടമില്ലാതെ 57 റണ്‍സ് നേടിയിരുന്നു.
സ്‌പിന്നര്‍മാരായ തബ്രൈസ് ഷംസിയെയും കേശവ് മഹാരാജിനെയും തെരഞ്ഞെുപിടിച്ച് ശിക്ഷിച്ച ഗെയ്‌ക്വാദും കിഷനും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചു. 30 പന്തില്‍ ആദ്യ രാജ്യാന്തര ഫിഫ്റ്റി സ്വന്താക്കിയ ഗെയ്‌ക്വാദ് അര്‍ധസെഞ്ചുറിക്ക് പിന്നാലെ കേശവ് മഹാരാജിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. സ്വന്തം പന്തില്‍ മഹാരാജ് ഋതുരാജിനെ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ ഇഷാന്‍ കിഷനൊപ്പം 97 റണ്‍സ് കൂട്ടിച്ചേർത്ത ഗെയ്‌ക്വാദ് 35 പന്തുകളില്‍ നിന്ന് എട്ട് ഫോറുകളുടെയും രണ്ട് സിക്‌സറുകളുടെയും അകമ്പടിയോടെ 57 റണ്‍സെടുത്തു.
പിന്നാലെയെത്തിയ ശ്രേയസ് അയ്യര്‍ ഷംസിയുടെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ നിന്ന് റിവ്യൂവിലൂടെ രക്ഷപ്പെട്ടെങ്കിലും അതേ ഓവറില്‍ തന്നെ 14 റൺസുമായി മടങ്ങി. അര്‍ധസെഞ്ചുറിയിലെത്തിയതിന് പിന്നാലെ കിഷനും മടങ്ങി. 35 പന്തില്‍ നിന്ന് അഞ്ച് ഫോറുകളുടെയും രണ്ട് സിക്‌സറുകളുടെയും അകമ്പടിയോടെ 54 റണ്‍സെടുത്താണ് കിഷന്‍ ക്രീസ് വിട്ടത്.
പിന്നാലെ ഹാര്‍ദിക് പാണ്ഡ്യ നല്‍കിയ അനാസ ക്യാച്ച് ഡേവിഡ് മില്ലര്‍ നിലത്തിട്ടു. തൊട്ടുപിന്നാലെ പ്രിട്ടോറിയസിന്‍റെ പന്തില്‍ റിഷഭ് പന്ത് നല്‍കിയ അനായാസ ക്യാച്ച് വാന്‍ഡര്‍ ഡസനും കൈവിട്ടു. എന്നാല്‍ അതേ ഓവറില്‍ റിഷഭ് പന്തിനെ പുറത്താക്കി പ്രിട്ടോറിയസ് ഇന്ത്യയുടെ നടുവൊടിച്ചു. എട്ട് പന്തില്‍ നിന്ന് ആറ് റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം.
അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ദിനേശ് കാര്‍ത്തിക്കിനെ 19-ാം ഓവറില്‍ മടക്കി റബാഡ അവസാന പ്രതീക്ഷയും തകര്‍ത്തു. ഇഷാന്‍ കിഷന്‍ പുറത്തായശേഷം റണ്‍റേറ്റില്‍ ഗണ്യമായ കുറവുണ്ടായി. ഹാര്‍ദിക് പാണ്ഡ്യ ടൈമിംഗില്ലാതെ പാടുപെട്ടപ്പോള്‍ 200 കടക്കുമെന്ന് തോന്നിച്ച ഇന്ത്യ റണ്‍സിലൊതുങ്ങി.
12 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 120 റണ്‍സിലെത്തിയ ഇന്ത്യ പിന്നീടുള്ള 48 പന്തില്‍ നാല് വിക്കറ്റ് നഷ്‌ടമാക്കി നേടിയത് 59 റണ്‍സ് മാത്രം. 21 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നിന്ന ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. ദക്ഷിണാഫ്രിക്കക്കായി ഡ്വയിന്‍ പ്രിട്ടോറിയസ് നാലോവറില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.