രാജ്കോട്ട്: ഇന്ത്യയ്‌ക്കെതിരായ ട്വന്‍റി 20 പരമ്പരയിലെ നാലാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 170 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 20 ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 169 റണ്‍സ് എടുത്തു. മുന്‍നിര ബാറ്റര്‍മാരും മധ്യനിരയിലെ താരങ്ങളും റണ്‍സ് കണ്ടെത്താന്‍ മറന്നപ്പോള്‍ അനായാസം സ്‌കോര്‍ ഉയര്‍ത്തിയ ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്ക് സഖ്യമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക് പവര്‍പ്ലേയില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്‌ടപ്പെട്ടിരുന്നു. രണ്ടാം ഓവറില്‍ ഗെയ്‌ക്വാദിനെ ലുങ്കി എന്‍ഗിഡി ഡിക്കോക്കിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെയെത്തിയ ശ്രേയസ് അയ്യറിനും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
രണ്ട് പന്തില്‍ നാല് റണ്‍സ് നേടിയ ശ്രേയസിനെ ജാന്‍സണ്‍ എല്‍ബിയില്‍ കുരുക്കുകയായിരുന്നു. ഈ മത്സരത്തിലും നിറം മങ്ങിയ പ്രകടനമാണ് നായകന്‍ ഋഷഭ് പന്ത് പുറത്തെടുത്തത്. 23 പന്ത് നേരിട്ട ഋഷഭിന് മത്സരത്തില്‍ 17 റണ്‍സ് മാത്രമെ നേടാന്‍ കഴിഞ്ഞുള്ളു.
പന്ത് പുറത്തായതിന് പിന്നാലെ 13-ാം ഓവറില്‍ ഒത്തുചേര്‍ന്ന ഹാര്‍ദിക് പാണ്ഡ്യ- ദിനേശ് കാര്‍ത്തിക്ക് കൂട്ടുകെട്ടാണ് ഇന്ത്യയെ ഭേദപ്പെട്ട റണ്‍സിലേക്ക് നയിച്ചത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് 55 റണ്‍സ് നേടി പുറത്തായ കാര്‍ത്തിക്കാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. കാർത്തിക്കിന്‍റെ ആദ്യ അന്തർദേശീയ ടി20 അർധസെഞ്ച്വറിയാണ് രാജ്‌കോട്ടില്‍ പിറന്നത്.
പാണ്ഡ്യ 31 പന്തില്‍ 46 റണ്‍സ് നേടി പുറത്താകുകയായിരുന്നു. എട്ട് റണ്‍സുമായി അക്‌സര്‍ പട്ടേലും, ഒരു റണ്‍ നേടി ഹര്‍ഷല്‍ പട്ടേലും പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്‌ക്കായി എന്‍ഗിഡി രണ്ടും ഷംസി ഒഴികെയുള്ളവര്‍ക്ക് ഓരോ വിക്കറ്റ് വീതവും ലഭിച്ചു.