ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ തോല്‍വിയോടെ ഇന്ത്യക്ക് നഷ്ടടമായത് വമ്പന്‍ റെക്കോഡ്. ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതല്‍ തുടര്‍വിജയങ്ങള്‍ നേടുന്ന ടീമെന്ന റെക്കോഡിന് കൈയകലത്തിലാണ് ഇന്ത്യ വീണത്. റിഷഭ് പന്തിന് കീഴില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ 12 തുടർ ജയങ്ങളുമായി അഫ്ഗാനിസ്ഥാൻ, റൊമാനിയ ടീമുകള്‍ക്കൊപ്പമായിരുന്നു ഇന്ത്യ.
എന്നാല്‍ അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ഡേവിഡ് മില്ലറുടെയും റാസി വൻഡർ ഡസ്സൻറെയും വെടിക്കെട്ടിന് മുന്നില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നിസഹായരായതോടെ റെക്കോഡ് കുതിപ്പും അവസാനിച്ചു. കഴിഞ്ഞ വര്‍ഷം യുഎയില്‍ നടന്ന ടി20 ലോകകപ്പില്‍ വിരാട് കോലിക്ക് കീഴില്‍ അഫ്ഗാനിസ്ഥാൻ, നമീബിയ, സ്കോട്‌ലൻഡ് ടീമുകളെ തോൽപ്പിച്ചാണ് ഇന്ത്യ റെക്കോഡിലേക്കുള്ള യാത്ര തുടങ്ങിയത്. തുടര്‍ന്ന് ടീമിന്‍റെ ക്യാപ്റ്റന്‍സി ഏറ്റെടുത്ത രോഹിത്തിന് കീഴില്‍ ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക ടീമുകൾക്കെതിരെ നാട്ടിൽ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരകൾ തൂത്തുവാരിയായിരുന്നു ഇന്ത്യ 12 തുടർ വിജയങ്ങളെന്നെ റെക്കോർഡിന് ഒപ്പമെത്തിയത്.