പൂനെ : ഇന്ത്യക്കെതിരായ രണ്ടാം ടി20യിൽ ശ്രീലങ്കയ്‌ക്ക് മികച്ച സ്‌കോർ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 207 റണ്‍സ് നേടി. അർധ സെഞ്ച്വറി നേടിയ കുശാൽ മെൻഡിസ്(52), ദസുൻ ശനക(56) എന്നിവരുടെ മികവിലാണ് ശ്രീലങ്ക കൂറ്റൻ സ്‌കോർ കണ്ടെത്തിയത്. അവസാന ഓവറിൽ ഇന്ത്യൻ ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച ശനക 22 പന്തിൽ ആറ് സിക്‌സിന്‍റെയും രണ്ട് ഫോറിന്‍റെയും അകമ്പടിയോടെയാണ് 56 റണ്‍സ് സ്വന്തമാക്കിയത്.
ശ്രീലങ്ക പവർപ്ലേയിൽ തന്നെ ഇന്ത്യയെ വിറപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഓപ്പണർമാരായ പാത്തും നിസങ്ക, കുശാൽ മെൻഡിസ് എന്നിവർ ചേർന്ന് ഇന്ത്യൻ ബോളർമാരെ തലങ്ങും വിലങ്ങും പായിച്ചു. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 80 റണ്‍സിന്‍റെ തകർപ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. എട്ടാം ഓവറിൽ കുശാൽ മെൻഡിസിനെ പുറത്താക്കി യുസ്‌വേന്ദ്ര ചാഹലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറിൽ തന്നെ ഭാനുക രാജപക്‌സയെ(2) ഉമ്രാൻ മാലിക് ബൗൾഡാക്കി.