മുംബൈ :ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിൽ പരിക്കേറ്റ കെ എൽ രാഹുലിന് പകരക്കാരനായി വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെ ഉൾപ്പെടുത്തി. കിഷനെ കൂടാതെ കെഎസ് ഭരതാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ. ജൂൺ ഏഴ് മുതൽ 11 വരെ ഇംഗ്ലണ്ടിലെ ഓവലിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ.
ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിൽ ഫീൽഡിംഗിനിടെയാണ് രാഹുലിന് പരിക്കേറ്റത്. തുടയ്‌ക്ക് ഗുരുതരമായ പരിക്കേറ്റ രാഹുലിനെ ശസ്‌ത്രക്രിയയ്ക്ക് വിധേയനാകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. പരിക്ക് ഭേദമാകുന്നതുവരെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ തുടരാനുമാണ് നിർദേശം. ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതായും പകരം ഇഷാൻ കിഷനെ ടീമിൽ ഉൾപ്പെടുത്തിയതായും ബിസിസിഐ പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്‌തമാക്കി.
റിതുരാജ് ഗെയ്‌ക്വാദ്, മുകേഷ് കുമാർ, സൂര്യകുമാർ യാദവ് എന്നിവരെ സ്റ്റാൻഡ് ബൈ താരങ്ങളായും ഉൾപ്പെടുത്തിയിട്ടുണ്ട്. രാഹുലിനെ കൂടാതെ പേസർമാരായ ജയദേവ് ഉനദ്‌ഘട്ടിന്‍റെയും ഉമേഷ് യാദവിന്‍റെയും ലഭ്യതയിൽ അനിശ്ചിതത്വമുണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് കൂട്ടിച്ചേർത്തു. നെറ്റ്‌സിൽ പരിശീലനത്തിനിടെയാണ് ജയദേവ് ഉനദ്‌ഘട്ടിന് ഇടത് തോളിന് പരിക്കേറ്റത്. ഇടങ്കയ്യൻ ഫാസ്റ്റ് ബൗളർ ഇപ്പോൾ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലാണ്. ഡബ്ല്യുടിസി ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും ബിസിസിഐ പ്രസ്‌താവനയിൽ അറിയിച്ചു.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് കൊൽക്കത്ത താരം ഉമേഷ് യാദവിന് ഇടതു തുടയിൽ പേശിവലിവ് അനുഭവപ്പെട്ടത്. പരിക്ക് ഗുരുതരമല്ലെന്നും കൊൽക്കത്ത മെഡിക്കൽ ടീമിന്‍റെ നിരീക്ഷണത്തിലാണ് താരമെന്നുമാണ് റിപ്പോർട്ടുകൾ. ബിസിസിഐ മെഡിക്കൽ ടീം കെകെആർ മെഡിക്കൽ ടീമുമായി നിരന്തരം ബന്ധപ്പെടുകയും ഉമേഷിന്‍റെ പുരോഗതി സൂക്ഷ്‌മമായി നിരീക്ഷിക്കുകയും ചെയ്യുന്നു