മസ്‌കറ്റ്: ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിൽ ഇന്ത്യ മഹാരാജാസ് ഫൈനൽ കാണാതെ പുറത്ത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ വേൾഡ് ജയന്‍റ്സ് അഞ്ച് റണ്‍സിനാണ് ഇന്ത്യ മഹാരാജാസിനെ തോൽപ്പിച്ചത്. വേൾഡ് ജയന്‍റ്സിന്‍റെ വിജയലക്ഷ്യമായ 229 റണ്‍സ് പിന്തുടർന്നിറങ്ങിയ ഇന്ത്യ മഹാരാജാസിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 223 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു.
ആദ്യം ബാറ്റ് ചെയ്‌ത വേൾഡ് ജയന്‍റ്സ് 20 ഓവറിൽ അഞ്ച് വിക്കറ്റിന് 228 റണ്‍സ് എടുത്തു. 89 റണ്‍സ് നേടിയ ഹെർഷെയ്‌ൽ ഗിബ്‌സിന്‍റെ ബാറ്റിങ് മികവിലാണ് വേൾഡ് ജയന്‍റ്സ് കൂറ്റൻ സ്കോറിലേക്ക് എത്തിയത്. ഫിൽ മസ്റ്റാർഡ് 57 റണ്‍സ് നേടി. കെവിൻ പീറ്റേഴ്‌സണ്‍(11), ജോണ്ടി റോഡ്‌സ്(20) എന്നിവരും മികച്ച സംഭാവന നൽകി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മഹാരാജാസ് 51 പന്തിൽ 95 റണ്‍സ് നേടിയ നമാൻ ഓജയുടേയും, 21 പന്തിൽ 56 റണ്‍സ് നേടിയ ഇർഫാൻ പത്താന്‍റെയും വെടിക്കെട്ട് ബാറ്റിങ് മികവിൽ വിജയം ഉറപ്പിച്ചിരുന്നു. എന്നാൽ ബ്രൈറ്റ് ലീ എറിഞ്ഞ അവസാന ഓവറിൽ കളിമാറി. അവസാന ഓവറിൽ എട്ട് റണ്‍സ് മാത്രമായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ രണ്ട് റണ്‍സേ മഹാരാജാസിന് നേടാനായുള്ളു.
ALSO READ:FIFA World Cup Qualification | ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്ഡോർ; ചിലിയെ തോൽപ്പിച്ച് അർജന്‍റീന
തകർത്തടിച്ചുകൊണ്ടിരുന്ന ഇർഫാൻ പത്താൻ അവസാന ഓവറിലെ ആദ്യ പന്തിൽ തന്നെ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. ഇതോടെ മഹാരാജാസ് വിജയവും കൈവിട്ടു. മഹാരാജാസിനായി 22 പന്തിൽ 45 റണ്‍സുമായി യൂസഫ് പത്താനും തിളങ്ങി. വസീം ജാഫർ നാല് റണ്‍സും സ്റ്റുവർട്ട് ബിന്നി മൂന്ന് റണ്‍സും നേടി പുറത്തായി.