പൊച്ചെഫ്‌സ്‌ട്രൂം :പ്രഥമ അണ്ടര്‍ 19 വനിത ടി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യൻ യുവനിര. ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെ 7 വിക്കറ്റിനാണ് ഇന്ത്യൻ വനിതകൾ തോൽപ്പിച്ചത്. ടോസ് നഷ്‌ടമായി ആദ്യം ബാറ്റുചെയ്‌ത ഇംഗ്ലണ്ട് 17.1 ഓവറില്‍ നേടിയ 68 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം 36 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യൻ വനിതകൾ മറികടന്നത്.
37 പന്തിൽ 24 റൺസുമായി പുറത്താകാതെ നിന്ന സൗമ്യ തിവാരിയും, 29 പന്തിൽ 24 റൺസ് നേടിയ ഗോംഗാഡി തൃഷയുമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഇന്ത്യൻ നിരയിൽ ക്യാപ്‌റ്റൻ ഷെഫാലി വർമ( 11 പന്തിൽ 15 ), ശ്വേത ഷെറാവത്ത് ( 5 പന്തിൽ 6 ) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ഹൃഷിത ബസു ഒരു റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ട് ബോളർമാരിൽ ഹന്ന ബേക്കർ, ഗ്രേസ് സ്‌കീവന്‍സ്, അലക്‌സ സ്റ്റോൺഹൗസ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ഇംഗ്ലണ്ട് നിരയില്‍ നാല് താരങ്ങള്‍ മാത്രമാണ് രണ്ടക്കത്തിലെത്തിയത്. 19 റണ്‍സ് നേടിയ റയാന്‍ മക്‌ഡൊണാള്‍ഡാണ് ടീമിന്‍റെ ഉയർന്ന സ്‌കോറര്‍. ഇന്ത്യക്കായി തിദാസ് സന്ധു, അര്‍ച്ചന ദേവി, പര്‍ഷാവി ചോപ്ര എന്നിവർ രണ്ട് വീതം വിക്കറ്റ് നേടി. മന്നത് കശ്യപും, ഷെഫാലി വര്‍മയും സോനം യാദവും ഒരു വിക്കറ്റ് വീതമാണ് നേടിയത്.
നേരത്തെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്‌റ്റൻ ഷെഫാലി വര്‍മ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഓവർ എറിഞ്ഞ തിദാസ് സന്ധു നാലാം പന്തിൽ തന്നെ ഓപ്പണർ ലിബർട്ടി ഹീപ്പിനെ പുറത്താക്കി. പിന്നീട് ഇംഗ്ലീഷ് ബാറ്റർമാരുടെ പവലിയനിലേക്കുള്ള ഘോഷയാത്രയായിരുന്നു. 8 പന്തില്‍ 10 റണ്‍സ് നേടിയ ഫിയോണ അര്‍ച്ചന ദേവി എറിഞ്ഞ നാലാം ഓവറിലെ മൂന്നാം പന്തില്‍ പുറത്തായി. ഇതേ ഓവറിൽ തന്നെ 4 റണ്‍സുമായി ഗ്രേസ് സ്‌കീവന്‍സും മടങ്ങി.
സേറേന്‍ സ്മേലി 3 റൺസുമായി മടങ്ങി. കാരിസ് പവലി (2), റയാന്‍ മക്‌ഡൊണാള്‍ഡ് ( 19) എന്നിവരെ പര്‍ഷാവി ചോപ്ര പുറത്താക്കി. തൊട്ടുപിന്നാലെ ജോസി ഗ്രോവ്‌സ് റണ്ണൗട്ടായി.തുടര്‍ന്ന് ഹന്ന ബേക്കർ (0) വേഗത്തിൽ പുറത്തായി. ഇന്നിങ്‌സിന്‍റെ അവസാനത്തിൽ കുറച്ചെങ്കിലും ചെറുത്ത് നിന്ന അലക്‌സ സ്റ്റോണ്‍ഹൗസ് ( 12) , സോഫിയ സ്മേൽ ( 11) എന്നിവരും മടങ്ങിയതോടെ ഇംഗ്ലീഷ് വനിതകളുടെ പോരാട്ടം 68 റൺസിൽ അവസാനിച്ചു.