ഹൈദരാബാദ്: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിത്തില്‍ ത്രസിപ്പിക്കുന്ന വിജയം നേടാനായെങ്കിലും ഇന്ത്യയ്‌ക്ക് വമ്പന്‍ തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന് മാച്ച് ഫീയുടെ 60 ശതമാനമാണ് ഐസിസി മാച്ച് റഫറി ഇന്ത്യയ്‌ക്ക് പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്. നിശ്ചിത സമയത്ത് ഇന്ത്യ മൂന്ന് ഓവര്‍ പിന്നാലായിരുന്നുവെന്നാണ് ഐസിസി എലൈറ്റ് പാനല്‍ മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് കണ്ടെത്തിയിരിക്കുന്നത്.
ഓൺ ഫീൽഡ് അമ്പയർമാരായ അനിൽ ചൗധരി, നിതിൻ മേനോൻ, തേർഡ് അമ്പയർ കെ എൻ അനന്തപത്മനാഭൻ, ഫോർത്ത് അമ്പയർ ജയരാമൻ മദനഗോപാൽ എന്നിവരാണ് കുറ്റം ചുമത്തിയത്. നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാനുള്ള ഓരോ ഓവറിനും 20 ശതമാനം വീതമാണ് പിഴ ശിക്ഷ ലഭിക്കുക. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കുറ്റം സമ്മതിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കലുണ്ടാവില്ല.