കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് പിന്നാലെ ഇന്ത്യയ്ക്ക് തിരിച്ചടി. മൂന്നാം ഏകദിനത്തിലെ കുറഞ്ഞ ഓവർ റേറ്റിന് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് ഇന്ത്യയ്‌ക്ക് പിഴ ശിക്ഷ വിധിച്ചു.
മാച്ച് ഫീയുടെ 40 ശതമാനമാണ് ഇന്ത്യ പിഴയൊടുക്കേണ്ടത്. അനുവദിച്ച സമയത്ത് രണ്ട് ഓവർ കുറച്ചാണ് ഇന്ത്യ എറിഞ്ഞതെന്നാണ് റഫറിയുടെ കണ്ടെത്തല്‍. ഐസിസിയുടെ ആർട്ടിക്കിൾ 2.22 പ്രകാരമുള്ള കുറ്റമാണിത്.
നിയമ പ്രകാരം നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാകാത്ത ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം വീതമാണ് കളിക്കാർ പിഴയൊടുക്കേണ്ടത്. ഇതോടെയാണ് ടീമിന് മാച്ച് ഫീയുടെ 40 ശതമാനം പിഴ വിധിച്ചത്.
also read: ഇന്ത്യൻ വനിത ഫുട്‌ബോൾ ടീമിലും കൊവിഡ് വ്യാപനം; 13 താരങ്ങൾക്ക് കൊവിഡ്
മത്സരത്തില്‍ ഇന്ത്യ നാല് റണ്‍സിന് തോല്‍വി വഴങ്ങുകയും ചെയ്‌തു. ദക്ഷിണാഫ്രിക്കയുടെ 288 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 49.2 ഓവറിൽ 283 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും പ്രോട്ടീസ് സ്വന്തമാക്കിയിരുന്നു. ഇതോടെ ഏകദിന പരമ്പര പ്രോട്ടീസ് പട തൂത്തുവാരി.