ആന്‍റിഗ്വ: തുടർച്ചയായ നാലാം അണ്ടർ 19 ലോകകപ്പ് ഫൈനൽ ലക്ഷ്യമിട്ട് ശക്‌തരായ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും. ആന്‍റിഗ്വയിൽ വൈകീട്ട് 6.30നാണ് മല്‍സരം. അണ്ടർ 19 ലോകകപ്പ് ടൂർണമെന്‍റില്‍ മൂന്നാം തവണയാണ് നോക്കൗട്ട് മത്സരത്തിൽ ഇന്ത്യയും ഓസ്‌ട്രേലിയയും മുഖാമുഖം വരുന്നത്.
2018ൽ പൃഥ്വി ഷായുടെ ടീം ഫൈനലില്‍ ഓസീസിനെ തോല്‍പ്പിച്ചു. 2020 ല്‍ ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ഓസീസിനെ പരാജയപ്പെടുത്തി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഇതുവരെയുള്ള മല്‍സരങ്ങൾ അനായാസമായിരുന്നു. അവസാന അഞ്ച് മല്‍സരത്തിലും തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ വരവ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയ ശ്രീലങ്കയോട് തോറ്റിരുന്നു.
കൊവിഡ് കാരണം എല്ലാ ടീമുകളും അവരുടെ പൂർണ ശക്തി ഇനിയും പുറത്തെടുത്തിട്ടില്ല. നിരവധി താരങ്ങൾ കൊവിഡ് ബാധിച്ച് ക്വാറന്‍റൈനിലായിരുന്നു. അതിനാല്‍ എതിരാളികളുടെ ബലഹീനത തുറന്നുകാട്ടാൻ കഴിഞ്ഞില്ല.
ബാറ്റിങ്ങില്‍ അംഗ്രീഷ് രഘുവംഷിയും രാജ് ബാവയും ഇന്ത്യയുടെ പ്രതീക്ഷയാണ്. ബൗളിങ്ങില്‍, ഹംഗാർഗെക്കറും രവി കുമാറും യഥാക്രമം പേസും സ്വിംഗും കണ്ടെത്തുന്നു. മികച്ച ഫോമിലുള്ള ഓസ്‌ട്രേലിയയുടെ ടോപ്പ് ഓർഡറും വൈവിധ്യമാർന്ന ഫാസ്റ്റ് ബൗളിംഗ് ആക്രമണവുമായി ഒത്തുചേർന്നാണ് ടീമിനെ അവസാന നാലിലേക്ക് എത്തിച്ചത്.