എഡ്‌ജ്ബാസ്‌റ്റണ്‍: എഡ്‌ജ്ബാസ്‌റ്റണ്‍ ടെസ്‌റ്റില്‍ ഇന്ത്യയ്‌ക്ക് ഒന്നാം ഇന്നിങ്‌സില്‍ 132 റണ്‍സ് ലീഡ്. ഇന്ത്യയുടെ 416 റണ്‍സ് പിന്‍തുടര്‍ന്ന ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്‌സില്‍ 284 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. തുടക്കത്തില്‍ തന്നെ തകര്‍ച്ച നേരിട്ട ആതിഥേയരെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത് ജോണി ബെയര്‍സ്‌റ്റോയുടെ സെഞ്ച്വറിയാണ്.
149-6 എന്ന നിലയില്‍ സമ്മർദത്തിലായിരുന്ന ഇംഗ്ലണ്ടിനെ 200 കടത്തിയത് ബെയര്‍സ്‌റ്റോയാണ്. ടെസ്‌റ്റ് കരിയറിലെ പതിനൊന്നാമത്തെയും, ഈ വര്‍ഷത്തെ അഞ്ചാമത്തെയും ശതകം പൂര്‍ത്തിയാക്കിയ ഇംഗ്ലീഷ് ബാറ്റര്‍ 106 റണ്‍സ് നേടിയാണ് പുറത്തായത്. 119 പന്തിലാണ് ബെയര്‍സ്‌റ്റോ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
14 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ബെയര്‍സ്‌റ്റോയുടെ ഇന്നിംഗ്‌സ്. ഇംഗ്ലണ്ട് സ്‌കോര്‍ 241-ല്‍ നില്‍ക്കെ മുഹമ്മദ് ഷമിയുടെ ഓവറിലാണ് ബെയര്‍സ്‌റ്റോ പുറത്തായത്. സ്ലിപ്പില്‍ വിരാട് കോഹ്‌ലിയുടെ കൈകളിലായിരുന്നു ബെയര്‍സ്‌റ്റോയുടെ ഒറ്റയാള്‍ പോരാട്ടത്തിന്‍റെ അവസാനം.
അഞ്ചിന് 84 എന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. തുടക്കത്തില്‍ ജോണി ബെയ്ർസ്റ്റോ റണ്‍സ് കണ്ടെത്താന്‍ ഏറെ വിഷമിച്ചിരുന്നു. ആറാം വിക്കറ്റില്‍ ജോണി ബെയ്ർസ്റ്റോ- ബെന്‍ സ്റ്റോക്സ് സഖ്യം ടീമിനെ കരകയറ്റാന്‍ നോക്കിയെങ്കിലും 66 റണ്‍സ് മാത്രമെ ഇരുവര്‍ക്കും കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചുള്ളു.
36 പന്തില്‍ 25 റണ്‍സ് നേടിയ ക്യാപ്‌ടന്‍ സ്‌റ്റോക്‌സിന് രണ്ട് പ്രാവശ്യം ജിവന്‍ തിരികെ ലഭിച്ചങ്കിലും ശര്‍ദൂല്‍ തക്കൂറിന്‍റെ പന്തില്‍ ബുംറ പറന്ന് പിടിച്ച് പുറത്താക്കുകയായിരുന്നു. തുടര്‍ന്നെത്തിയ സാം ബില്ലിങ്‌സിനെ കൂട്ട് പിടിച്ച് ബെയര്‍സ്‌റ്റോ ഇംഗ്ലണ്ടിനെ 200 കടത്തി. ബില്ലിങ്‌സ്-ബെയര്‍സ്റ്റോ സഖ്യം സ്‌കോര്‍ ബോര്‍ഡിലേക്ക് 92 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 36 റണ്‍സ് നേടിയ ബില്ലിങ്‌സിനെ സിറാജാണ് പുറത്താക്കിയത്.
ഇംഗ്ലണ്ട് വാലറ്റക്കാര്‍ക്കും മികച്ച പ്രകടനം പുറത്തെടുത്താനായില്ല. ഇന്ത്യയ്‌ക്കായി സിറാജ് നാല് വിക്കറ്റും നായകന്‍ ബുംറ മൂന്ന് വിക്കറ്റും നേടി. ഷമിക്ക് രണ്ടും താക്കൂറിന് ഒരു വിക്കറ്റുമാണ് മത്സരത്തില്‍ ലഭിച്ചത്.