അഹമ്മദാബാദ് : കിവീസ് ബോളർമാരെ തകർത്തടിച്ച് ശുഭ്‌മാൻ ഗില്ലും രാഹുൽ ത്രിപാഠിയും... നിലയുറപ്പിക്കും മുൻപ് കിവീസ് ബാറ്റർമാരെ പവലിയനിലേക്ക് മടക്കി ബോളർമാരും മികവ് കാട്ടിയതോടെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ നിര്‍ണായക മത്സരത്തിൽ ഇന്ത്യക്ക് മിന്നും ജയം. പരമ്പരയിലെ മൂന്നാം മത്സരത്തിൽ 168 റൺസിന്‍റെ വമ്പൻ വിജയത്തോടെയാണ് ഹാർദിക്കും സംഘവും പരമ്പര സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റുചെയ്‌ത ഇന്ത്യയുടെ വമ്പൻ സ്‌കോറായ 234 റൺസ് പിന്തുടർന്ന ന്യൂസിലന്‍ഡ് 12.1ഓവറിൽ 66 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. സ്‌കോർ : ഇന്ത്യ 20 ഓവറിൽ 234-4, ന്യൂസിലൻഡ് 12.1 ഓവറില്‍ 66
നേരത്തെ ടോസ് നേടി ബാറ്റുചെയ്‌ത ഇന്ത്യ ശുഭ്‌മാൻ ഗില്ലിന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിലാണ് കൂറ്റൻ സ്‌കോറിലെത്തിയത്. 12 ഫോറുകളും 7 സിക്‌സുമടക്കം 63 പന്തില്‍ പുറത്താവാതെ 126 റൺസാണ് നേടിയത്. ഗില്ലിന്‍റെ കന്നി രാജ്യാന്തര ട്വന്‍റി 20 ശതകമാണിത്. 22 പന്തിൽ 44 റൺസ് നേടിയ യുവതാരം രാഹുല്‍ ത്രിപാഠി, സൂര്യകുമാർ യാദവ് (13 പന്തിൽ 24), ഹാർദിക് പാണ്ഡ്യ(17 പന്തിൽ 30) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. രണ്ട് റൺസുമായി ദീപക് ഹൂഡ പുറത്താകാതെ നിന്നു. ഒരു റൺസെടുത്ത് പുറത്തായ ഇഷാൻ കിഷൻ ഈ മത്സരത്തിലും നിരാശപ്പെടുത്തി. ന്യൂസിലൻഡിനായി മൈക്കൽ ബ്രേസ്‌വെൽ, ബ്ലെയർ ടിക്‌നർ, ഇഷ് സോധി, ഡാരൽ മിച്ചൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ടോസ് നേടി ബാറ്റിങ്ങിനെത്തിയ ഇന്ത്യയെ രണ്ടാം ഓവറിൽ തന്നെ സന്ദർശകർ ഞെട്ടിച്ചു. ബ്രേസ്‌വെല്ലിന്‍റെ പന്ത് പ്രതിരോധിക്കുന്നതിൽ പിഴച്ച ഇഷാൻ കിഷൻ വിക്കറ്റിന് മുന്നിൽ കുടുങ്ങി. പിന്നാലെ ക്രീസിൽ ഒത്തുചേർന്ന ഗില്‍- ത്രിപാഠി സഖ്യം അനായാസം റൺസ് കണ്ടെത്തി. ഇരുവരും 80 റണ്‍സാണ് സ്‌കോർ ബോർഡിൽ കൂട്ടിചേര്‍ത്തത്. മൂന്ന് സിക്‌സും നാല് ഫോറും അടക്കം 44 റൺസ് നേടിയ ത്രിപാഠി ഇഷ് സോധിയുടെ ഓവറിൽ മടങ്ങി.