സിഡ്‌നി: ടി20 ലോകകപ്പിലെ സൂപ്പർ 12 മത്സരത്തിൽ നെതർലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് 56 റണ്‍സിന്‍റെ തകർപ്പൻ ജയം. ഇന്ത്യയുടെ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നെതർലാൻഡ്‌സ് 123 റണ്‍സിന് ഓൾ ഔട്ടായി. വിജയത്തോടെ രണ്ടാം ഗ്രൂപ്പിൽ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്‍റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തേക്കെത്തി.
ഇന്ത്യയുടെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നെതർലൻഡിന്‍റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. നിശ്ചിത ഇടവേളകളിൽ നെതർലൻഡ് ബാറ്റർമാരുടെ വിക്കറ്റുകൾ പൊഴിഞ്ഞുകൊണ്ടിരുന്നു. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ വിക്രാംജിത് സിങ് (1) പുറത്തായി. തൊട്ടുപിന്നാലെ മാക്‌സ് ഒഡൗഡും (16) പുറത്തായി. തുടർന്നിറങ്ങിയ ബാസ് ഡി ലീഡ്, കോളിൻ അക്കർമാൻ എന്നിവർ അൽപനേരം പിടിച്ചു നിന്ന് സ്‌കോർ ഉയർത്തി.
എന്നാൽ ടീം സ്‌കോർ 47ൽ നിൽക്കെ ബാസ് ഡി ലീഡ്(16) പുറത്തായി. രണ്ട് ഓവറുകൾക്ക് ശേഷം കോളിൻ അക്കർമാനും(17) കൂടാരം കയറി. തുടർന്ന് ടോം കൂപ്പർ(9), സ്കോട്ട് എഡ്വേർഡ്‌സ്(5) എന്നിവർ കൂടി നിരനിരയായി മടങ്ങിയതോടെ നെതർലൻഡ് തോൽവി മുന്നിൽ കണ്ടു. ഇതിനിടെ ടിം പ്രിംഗിൾ(20) കുറച്ചു സമയം പിടിച്ച് നിൽക്കാൻ നോക്കിയെങ്കിലും 15-ാം ഓവറിൽ താരവും പുറത്തായി.
പിന്നാലെ ലോഗൻ വാൻ ബീക്ക്(3), ഷാരിസ് അഹമ്മദ്(16), ഫ്രെഡ് ക്ലാസ്സെൻ(0), എന്നിവരും നിരനിരയായി പുറത്തായി. പോൾ വാൻ മീകെരെൻ(14) പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ, അർഷദീപ് സിങ്, അക്‌സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ മുഹമ്മദ് ഷമി ഒരു വിക്കറ്റും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ വിരാട് കോലി(62), രോഹിത് ശർമ(53), സൂര്യകുമാർ യാദവ്(51) എന്നിവരുടെ അർധ സെഞ്ച്വറി മികവിലാണ് മികച്ച സ്‌കോർ കണ്ടെത്തിയത്. കെഎൽ രാഹുൽ(9) ആദ്യ മത്സരത്തിലേത് പോലെ ഇത്തവണയും നിരാശപ്പെടുത്തി. അവസാന ഓവറുകളിൽ തകർത്തടിച്ച സൂര്യകുമാർ യാദവ് 25 പന്തിൽ നിന്നാണ് അർധശതകം പൂർത്തിയാക്കിയത്. സൂര്യകുമാർ തന്നെയാണ് കളിയിലെ താരം.