നാഗ്‌പൂർ: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യിൽ തകർപ്പൻ വിജയവുമായി ഇന്ത്യ. മഴയും ഔട്ട് ഫീൽഡിലെ നനവും കാരണം എട്ടോവറാക്കി ചുരുക്കിയ മത്സരത്തിൽ ഓസീസിന്‍റെ വിജയലക്ഷ്യമായ 91 റണ്‍സ് നാല് പന്തുകൾ ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. സിക്‌സുകളുടെ പൂരവുമായി 20 പന്തിൽ 46 റണ്‍സുമായി പുറത്താകാതെ നിന്ന് നായകൻ രോഹിത് ശർമയാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ ഓസീസിനൊപ്പമെത്തി.
കനത്ത മഴയിൽ ഔട്ട് ഫീൽഡ് നനഞ്ഞത് കാരണം ഏറെ വൈകിയാണ് മത്സരം ആരംഭിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 20 പന്തിൽ 43 റണ്‍സോടെ പുറത്താകാതെ നിന്ന മാത്യു വെയ്‌ഡിന്‍റെ ബാറ്റിങ് മികവിലാണ് മികച്ച സ്‌കോർ കണ്ടെത്തിയത്. ആരോണ്‍ ഫിഞ്ച് 15 പന്തിൽ നിന്ന് 31 റണ്‍സ് നേടി. ഇന്ത്യക്കായി അക്‌സർ പട്ടേൽ രണ്ടും ജസ്‌പ്രീത് ബുംറ ഒരു വിക്കറ്റും നേടി.
അടിക്ക് തിരിച്ചടി: 48 പന്തിൽ 91 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഓസീസിന് അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകി. ആദ്യ ഓവറിൽ തന്നെ മൂന്ന് സിക്‌സുകളുമായാണ് ഓപ്പണർമാരായ രോഹിതും രാഹുലും ഇന്നിങ്സ് ആരംഭിച്ചത്. രണ്ട് ഓവർ പിന്നിട്ടപ്പോൾ 30 റണ്‍സായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. എന്നാൽ മൂന്നാം ഓവറിൽ കെഎൽ രാഹുലിനെ (10) ഇന്ത്യക്ക് നഷ്‌ടമായി.
പിന്നാലെ ക്രീസിലെത്തിയ വിരാട് കോലിയും തകർപ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞു. എന്നാൽ അഞ്ചാം ഓവറിൽ ആദം സാംപയുടെ പന്തിൽ താരം ക്ലീൻ ബൗൾഡായി. 11 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. കോലിക്ക് തൊട്ടു പിന്നാലെ എത്തിയ സൂര്യകുമാർ യാദവിനെ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താക്കി സാംപ ഇന്ത്യക്ക് ഇരട്ട പ്രഹരം സമ്മാനിച്ചു. ഇതോടെ ഇന്ത്യയുടെ നില ഒന്ന് പരുങ്ങലിലായി.
അവസാന രണ്ട് ഓവറിൽ 22 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ഇതിനിടെ ഏഴാം ഓവറിൽ ഹാർദിക് പാണ്ഡ്യയെ(9) നഷ്‌ടമായി. എന്നാൽ രോഹിതിന്‍റെ മികവിൽ അവസാന ഓവറിൽ ഇന്ത്യയുടെ വിജയ ലക്ഷ്യം ഒമ്പത് റണ്‍സായി ചുരുങ്ങി. ഇതോടെ വിജയം ഉറപ്പിച്ച ഇന്ത്യക്കായി അവസാന ഓവറിലെ ആദ്യ രണ്ട് പന്തില്‍ സിക്‌സും ഫോറും നേടി രണ്ട് പന്തില്‍ 10 റണ്‍സുമായി കാര്‍ത്തിക് മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
തിരിച്ചെത്തി ബുംറ: മൊഹാലിയിൽ നടന്ന ആദ്യ മത്സരത്തിൽ തോറ്റ ഇന്ത്യ രണ്ട് മാറ്റങ്ങളുമായാണ് മത്സരത്തിനിറങ്ങിയ്. ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത് എന്നിവർ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചപ്പോൾ ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ എന്നിവർ പുറത്തായി. ഓസീസ് ടീമിലും രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. നാഥാൻ എല്ലിസ്, ജോഷ് ഇംഗ്ലിഷ് എന്നിവർക്കു പകരം ഡാനിയൽ സാംസ്, സീൻ ആബട്ട് എന്നിവർ ടീമിലെത്തി.
ഞായറാഴ്‌ച(25.09.2022) ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍റർനാഷണൽ സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന മത്സരം. പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരങ്ങളിൽ വീതം വിജയിച്ച് സമനിലയിലാണ്. അതിനാൽ അവസാന മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്.