പോര്‍ട്ട് ഓഫ് സ്‌പെയിന്‍ : വെസ്‌റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് ആവേശകരമായ ജയം. അവസാന പന്ത് വരെ നീണ്ട മത്സരത്തില്‍ ആതിഥേയരെ മൂന്ന് റണ്‍സിനാണ് ഇന്ത്യ കീഴ്‌പ്പെടുത്തിയത്. 309 റണ്‍സ് പിന്തുടര്‍ന്ന് രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന്‍റെ പോരാട്ടം 305-6-ല്‍ അവസാനിക്കുകയായിരുന്നു.
കൃത്യതയോടെ അവസാന ഓവര്‍ എറിഞ്ഞ മുഹമ്മദ് സിറാജാണ് ഇന്ത്യയ്‌ക്ക് ആവേശകരമായ ജയം സമ്മാനിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0-ന് മുന്നിലെത്തി. ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് മത്സരത്തില്‍ കരീബിയന്‍ പട കീഴടങ്ങിയത്.
309 റണ്‍സ് പിന്തുടര്‍ന്ന വെസ്‌റ്റിന്‍ഡീസിന് ഓപ്പണിങ് ബാറ്റര്‍ കൈല്‍ മേയേഴ്‌സ് (68 പന്തില്‍ 75) അര്‍ധസെഞ്ച്വറിയിലൂടെ മികച്ച തുടക്കമാണ് സമ്മാനിച്ചത്. മധ്യനിരയില്‍ ബ്രാണ്ടന്‍ കിങ് (66 പന്തില്‍ 54), ഷര്‍മ ബ്രൂക്‌സ് (46) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അവസാന പത്തോവറില്‍ ജയം കൈപ്പിടിയിലാക്കാന്‍ വിന്‍ഡീസിന് വേണ്ടത് 90 റണ്‍സ്.