സെയ്‌ന്‍റ് കിറ്റ്സ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ഏഴു വിക്കറ്റ് വിജയം. ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് ഓപ്പണര്‍ കെയ്ല്‍ മയേഴ്‌സിന്‍റെ അര്‍ധസെഞ്ച്വറിയുടെ മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 164 റണ്‍സെടുത്തു. മറുപടി ബാറ്റിങിൽ ഇന്ത്യ സൂര്യകുമാർ യാദവിന്‍റെ തകർപ്പൻ അർദ്ധ സെഞ്ച്വറിയുടെ മികവിലാണ് 5 പന്ത് ബാക്കി നില്‍ക്കെ വിജയം നേടിയത്.
സ്‌കോർ: വെസ്റ്റ് ഇൻഡീസ്– 20 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 164. ഇന്ത്യ–19 ഓവറിൽ 3ന് 165.
സൂപ്പർ സൂര്യ: 44 പന്തിൽ 8 ഫോറും 4 സിക്‌സും ഉൾപ്പെടുന്നതാണ് സൂര്യകുമാർ യാദവിന്‍റെ ഇന്നിങ്‌സ്. ശ്രേയസ് അയ്യർ (24), ഋഷഭ് പന്ത് (33 നോട്ടൗട്ട്) എന്നിവരുടെ ഇന്നിങ്സുകളും ഇന്ത്യൻ ജയത്തിൽ നിർണായകമായി. സൂര്യകുമാര്‍ യാദവിനൊപ്പം ഓപ്പണിങിൽ ഇറങ്ങിയ ക്യാപ്‌റ്റൻ രോഹിത് ശർമ തുടക്കത്തിൽ തന്നെ പുറംവേദന അലട്ടിയതിനെത്തുടർന്ന് റിട്ടേര്‍ഡ് ഹര്‍ട്ട് ചെയ്യുകയായിരുന്നു. 5 പന്തില്‍ 11 റണ്‍സായിരുന്നു ഇന്ത്യൻ നായകന്‍റെ സമ്പാദ്യം.
പിന്നീട് ക്രീസിലെത്തിയ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച സൂര്യകുമാര്‍ വേഗത്തിൽ റൺസ് കൂട്ടിച്ചേർത്തു. ഇന്ത്യയെ നൂറുകടത്തിയ ഈ സഖ്യം പിരിഞ്ഞത് 105 റണ്‍സിലായിരുന്നു. 27 പന്തില്‍ 24 റണ്‍സുമായാണ് ശ്രേയസ് മടങ്ങിയത്. ഇന്ത്യൻ സ്കോർ 135 ൽ നിൽക്കെയാണ് സൂര്യകുമാർ പുറത്തായത്. തുടർന്ന് ദീപക് ഹൂഡയുമായി ചേർന്ന ഋഷഭ് പന്ത് ഇന്ത്യന്‍ വിജയം അനായാസമാക്കി. 26 പന്തില്‍ 33 റണ്‍സാണ് പന്ത് നേടിയത്.
നേരത്തെ, ടോസ് നഷ്‌ടമായി ബാറ്റ് ചെയ്‌ത വിന്‍ഡീസിന് ഓപ്പണര്‍മാരായ കെയ്‌ൽ മയേഴ്‌സും ബ്രാണ്ടന്‍ കിങും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ മയേഴ്‌സ്-കിങ് സഖ്യം 7.2 ഓവറില്‍ 57 റണ്‍സെടുത്തു. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ നിക്കോളാസ് പുരാനൊപ്പവും മയേഴ്‌സ് അർധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി. പുരാൻ (22), ഹെറ്റ്മെയറും (20), റൊവ്‌മാന്‍ പവൽ (23) എന്നിവരും വിൻഡീസ് നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
മൂന്നോവറില്‍ 47 റണ്‍സ് വഴങ്ങിയ ആവേശ് ഖാനാണ് ഇന്ത്യൻ ബോളർമാരിൽ കൂടുതൽ അടി വാങ്ങിയത്. ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 35 റണ്‍സിന് രണ്ട് വിക്കറ്റും അര്‍ഷ്‌ദീപ് സിങ് നാലോവറില്‍ 33 റണ്‍സിന് ഒരു വിക്കറ്റും ഹാര്‍ദ്ദിക് പാണ്ഡ്യ നാലോവറില്‍ 19 റണ്‍സിന് ഒരു വിക്കറ്റുമെടുത്തു.