ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ വമ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. 59 റണ്‍സിന്‍റെ ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1ന് മുന്നിലെത്തി. ഇന്ത്യയുടെ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 19.1 ഓവറില്‍ 132 റണ്‍സിന് എല്ലാവരും പുറത്തായി. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 191-5, വെസ്റ്റ് ഇന്‍ഡീസ് 19.1 ഓവറില്‍ 132ന് ഓള്‍ ഔട്ട്.
ഇന്ത്യ ഉയർത്തിയ മികച്ച സ്കോറിലേക്ക് ബാറ്റേന്തിയ വിൻഡീസിന് ഓപ്പണർമാരായ ബ്രാണ്ടന്‍ കിംഗും കെയ്‌ൽ മയേഴ്‌സും ചേർന്ന് ആദ്യ ഓവറിൽ തകർത്തടിച്ചു. എന്നാൽ രണ്ടാം ഓവറിൽ 8 പന്തില്‍ 13 റൺസെടുത്ത ബ്രാണ്ടന്‍ കിംഗിനെയും പിന്നാലെ ഒരു റൺസെടുത്ത ഡെവോണ്‍ തോമസിനെ തന്‍റെ രണ്ടാം ഓവറിലും മടക്കിയ ആവേശ് ഖാൻ വിൻഡീസിന്‍റെ പതനത്തിന് തുടക്കമിട്ടു. ഈ പരമ്പരയിൽ താളം കണ്ടെത്താനാകാതെ വിശമിച്ചിരുന്ന ആവേശിന്‍റെ ഗംഭീര തിരിച്ചുവരവ് കൂടെയായിരുന്നു ഈ മത്സരം.
പിന്നീട് ഇന്ത്യൻ ബോളിങ്ങിനെ പ്രതിരോധിച്ച 19 റൺസെടുത്ത കെയ്‌ൽ മയേഴ്‌സിനെ അക്ഷർ പട്ടേൽ മടക്കി. പിന്നീടെത്തിയ ക്യാപ്റ്റന്‍ നിക്കോളാസ് പുരാൻ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തെങ്കിലും അധിക ആയുസുണ്ടായില്ല. 8 പന്തില്‍ 24 റൺസെടുത്ത പുരാനെ സഞ്ജു സാംസണിന്‍റെ ത്രോയില്‍ റിഷഭ് പന്ത് റണ്ണൗട്ടാക്കിയതോടെ വിൻഡീസിന്‍റെ ആ പ്രതീക്ഷയും കെട്ടടങ്ങി. പിന്നീട് 24 റൺസെടുത്ത റൊവ്‌മാൻ പവലും 19 റൺസെടുത്ത ഷിമ്രോണ്‍ ഹെറ്റ്മെയറും ചേർന്ന് പൊരുതി നോക്കിയെങ്കിലും ജയത്തിലെത്താനായില്ല.
വാലറ്റക്കാരെ യോര്‍ക്കറുകള്‍ കൊണ്ട് ശ്വാസം മുട്ടിച്ച അര്‍ഷദീപ് സിംഗ് ജേസണ്‍ ഹോള്‍ഡറെയും(13), ഡൊമനിക് ഡ്രേക്ക്‌സിനെയും(5) ഒബേഡ് മക്കോയിയെയും(2)വീഴ്ത്തി ഇന്ത്യൻ ജയം പൂര്‍ത്തിയാക്കി. ഇന്ത്യക്കായി അര്‍ഷദീപ് മൂന്നോവറില്‍ 12 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ആവേശ് ഖാന്‍ നാലോവറില്‍ 17 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. അക്ഷര്‍ നാലോവറില്‍ 48 റണ്‍സിന് രണ്ട് വിക്കറ്റും രവി ബിഷ്ണോയ് നാലോവറില്‍ 27 റണ്‍സിന് രണ്ട് വിക്കറ്റുമെടുത്തു.
നേരത്തെ ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 191 റണ്‍സെടുത്തത്. 31 പന്തില്‍ 44 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ(33), മലയാളി താരം സഞ്ജു സാംസണ്‍ 23 പന്തില്‍ പുറത്താകാതെ 30 റൺസ് എന്നിവരും ഇന്ത്യക്കായി ബാറ്റിങിൽ തിളങ്ങി. വിന്‍ഡീസിനായി അല്‍സാരി ജോസഫ് രണ്ട് വിക്കറ്റെടുത്തു.