രാജ്‌കോട്ട്: ശ്രീലങ്കയ്‌ക്കെതിരെ അവസാന ടി20യില്‍ 91 റണ്‍സിന്‍റെ വിജയവുമായി ഇന്ത്യയ്‌ക്ക് പരമ്പര. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1 എന്ന നിലയില്‍ നേടി. ആതിഥേയര്‍ ഉയര്‍ത്തിയ 229 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 137 റണ്‍സിന് എല്ലാവരും പുറത്തായി.
ലങ്കന്‍ നിരയില്‍ ക്യാപ്‌റ്റന്‍ ദസുന്‍ ഷനക(23), കുശാല്‍ മെന്‍ഡിസ്(23) എന്നിവരാണ് ടോപ് സ്‌കോറര്‍മാര്‍. ഇന്ത്യയ്‌ക്കായി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ അര്‍ഷ്‌ദീപ് സിങ്, രണ്ട് വിക്കറ്റ് വീതം നേടിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ, ഉമ്രാന്‍ മാലിക്, യുസ്‌വേന്ദ്ര ചഹല്‍ തുടങ്ങിയവരാണ് സന്ദര്‍ശകരെ തകര്‍ത്തത്.
നേരത്തെ സൂര്യകുമാര്‍ യാദവിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറി മികവിലാണ് ലങ്കയ്‌ക്കെതിരെ 228 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ ഇന്ത്യ നേടിയത്. 51 പന്തില്‍ നിന്ന് 112 റണ്‍സ് നേടിയ സൂര്യ തന്നെയാണ് മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച്. പരമ്പരയുടെ താരമായി അക്‌സര്‍ പട്ടേല്‍ തിരഞ്ഞെടുക്കപ്പെട്ടു.
സൂര്യയ്‌ക്ക് പുറമെ ശുഭ്‌മാന്‍ ഗില്‍(46), രാഹുല്‍ ത്രിപാഠി(35), അക്‌സര്‍ പട്ടേല്‍ (21) എന്നിവരും ഇന്ത്യയ്‌ക്കായി തിളങ്ങി. ലങ്കന്‍ ബോളര്‍മാരില്‍ മിക്കവരും മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രഹരമേറ്റു. ദില്‍ഷന്‍ മധുഷനക രണ്ടും, രജിത, കരുണരത്‌നെ, ഹസരംഗ തുടങ്ങിയവര്‍ ഓരോ വിക്കറ്റ് വീതവും മത്സരത്തില്‍ നേടി.
ടി20 പരമ്പരയ്‌ക്ക് പിന്നാലെ ജനുവരി 10നാണ് മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം. ഗുവാഹത്തിയിലാണ് ആദ്യ മത്സരം. രണ്ടാം ഏകദിനം ജനുവരി 12ന് കൊല്‍ക്കത്തയിലും മൂന്നാം മത്സരം ജനുവരി 15ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലും നടക്കും.