കൊളംബോ :ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിൽ ഫൈനലുറപ്പിച്ച് ടീം ഇന്ത്യ. ആവേശം നിറഞ്ഞ സൂപ്പർ ഫോർ മത്സരത്തില്‍ ശ്രീലങ്കയെ 41 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് ടിക്കറ്റ് ഉറപ്പിച്ചത്. ടോസ് നേടിയ ഇന്ത്യയുടെ 214 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 41.3 ഓവറിൽ 172 റൺസിന് എല്ലാവരും പുറത്തായി (India Beat Sri Lanka In Asia Cup). പാകിസ്ഥാനെതിരായ മത്സരത്തിൽ തിളങ്ങിയ കുൽദീപ് യാദവാണ് ഇന്ത്യൻ ബോളർമാരിൽ മികച്ച പ്രകടനം കാഴ്‌ചവച്ചത്. കുൽദീപ് നാല് വിക്കറ്റ് നേടിയപ്പോൾ രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുമ്രയും രണ്ട് വിക്കറ്റ് വീതം നേടി.
ഇന്ത്യ മുന്നോട്ടുവച്ച ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്‌ക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ബുമ്രയെയും സിറാജിനെയും നേരിടുന്നതിൽ പിഴച്ചതോടെ ലങ്ക പ്രതിരോധത്തിലായി. ജസ്‌പ്രീത് ബുമ്രയുടെ ആദ്യ ഓവറിൽ ഫോറടിച്ചാണ് പാതും നിസങ്ക തുടങ്ങിയത്. എന്നാൽ തന്‍റെ രണ്ടാം ഓവറിന്‍റെ ആദ്യ പന്തിൽ ഓപ്പണര്‍ പാതും നിസങ്കയെ വിക്കറ്റിന് പിന്നില്‍ കെഎല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ചു. ആറാം ഓവറിലെ നാലാം പന്തിൽ കുശാൽ മെൻഡിസിനെ സൂര്യകുമാര്‍ യാദവിന്‍റെ കൈകളിലെത്തിച്ച് ലങ്കയ്‌ക്ക് ഇരട്ടപ്രഹരമേൽപിച്ചു. തൊട്ടടുത്ത ഓവറിൽ ദിമുത് കരുണരത്നയെ സ്ലിപ്പില്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ കൈകളിലെത്തിച്ച മുഹമ്മദ് സിറാജും വിക്കറ്റ് വേട്ടയിൽ പങ്കുചേർന്നതോടെ 25 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് ലങ്ക വീണു.
തുടർന്ന് ക്രീസിലെത്തിയ സധീര സമരവിക്രമയും ചരിത് അസലങ്കയും ചേര്‍ന്ന് പതിയെ സ്‌കോർ ഉയർത്തി. കുൽദീപ് യാദവിന്‍റെ പന്തിൽ 31ൽ 17 റൺസെടുത്ത സമരവിക്രമയെ വിക്കറ്റ് കീപ്പർ കെഎൽ രാഹുൽ സ്റ്റംപ് ചെയ്‌ത് പുറത്താക്കിയതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. തൊട്ടുപിന്നാലെ 35 പന്തിൽ 22 റൺസെടുത്ത അസലങ്കയെയും കുൽദീപ് പവലിയനിലേക്ക് മടക്കി.