ബെംഗളൂരു : ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ശ്രീലങ്കയ്ക്ക് ദയനീയ തോൽവി. 238 റൺസിന് ശ്രീലങ്കയെ കീഴടക്കിയ ഇന്ത്യ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരി. ഇന്ത്യ ഉയർത്തിയ 447 റൺസിന്‍റെ കഠിനമായ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക, 59.3 ഓവറിൽ 208 റൺസിന് എല്ലാവരും പുറത്തായി.
മത്സരത്തിലെ ആദ്യ സെഞ്ച്വറി കുറിച്ച കരുണരത്‌നെ, 107 റൺസെടുത്ത് പുറത്തായി. രണ്ടര ദിവസത്തോളം കളി ബാക്കിനിൽക്കെയാണ് ഇന്ത്യയുടെ വിജയം.
സ്കോർ;
ഇന്ത്യ: 252, 303/9 ഡിക്ലയർ.
ശ്രീലങ്ക: 109, 179/5 (49 ഓവർ)
28 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ്ങിനെത്തിയ ലങ്കക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. അര്‍ധ സെഞ്ച്വറി നേടിയ കുശാല്‍ മെന്‍ഡിസും ദിമുത് കരുണരത്നയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 97 റണ്‍സാണ് സ്‌കോർബോർഡിൽ കൂട്ടിച്ചേര്‍ത്തത്.
ഇന്ന് ആദ്യം മെന്‍ഡിസിന്‍റെ വിക്കറ്റാണ് സന്ദർശകർക്ക് നഷ്‌ടമായത്. ഏകദിന ശൈലിയില്‍ ബാറ്റ് ചെയ്‌ത് 60 പന്തില്‍ 54 റണ്‍സെടുത്ത മെന്‍ഡിസിനെ അശ്വിന്‍റെ പന്തില്‍ റിഷഭ് പന്ത് സ്റ്റംപ് ചെയ്‌ത് പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ എയ്ഞ്ചലോ മാത്യൂസും ധനഞ്ജയ ഡിസില്‍വയും പെട്ടെന്ന് തന്നെ പുറത്തായി. ഇതോടെ എട്ട് റണ്‍സിനിടെ ലങ്കയ്ക്ക് മൂന്ന് വിക്കറ്റുകളാണ് നഷ്‌ടമായത്.
ഒരറ്റത്ത് കരുണരത്നെ പിടിച്ചുനിന്നെങ്കിലും മെന്‍ഡിസ് കൂടി മടങ്ങിയതോടെ ലങ്കയുടെ തകര്‍ച്ച വേഗത്തിലായി. 12 റൺസെടുത്ത നിരോഷന്‍ ഡിക്‌വെല്ലയെയും 5 റൺസിൽ ചരിത് അസലങ്കയെയും അക്ഷര്‍ മടക്കി.
ലസിത് എംബുല്‍ഡെനിയ, വിശ്വ ഫെര്‍ണാണ്ടോ എന്നിവരെ അശ്വിനും അവസാന ടെസ്റ്റ് കളിച്ച സുരങ്ക ലക്‌മലിനെ ബുമ്രയും പുറത്താക്കി. അവസാന നാല് വിക്കറ്റുകള്‍ നാല് റണ്‍സെടുക്കുന്നതിനിടെയാണ് ലങ്കക്ക് നഷ്‌ടമായത്. ഇന്ത്യക്കായി അശ്വിന്‍ നാലും ബുമ്ര മൂന്നും അക്ഷര്‍ രണ്ടും വിക്കറ്റെടുത്തപ്പോള്‍ ജഡേജ ഒരു വിക്കറ്റ് നേടി.
ആദ്യദിനം വീണത് 16 വിക്കറ്റുകള്‍
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 252 റണ്‍സിന് പുറത്താവുകയായിരുന്നു. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ശ്രേയസ് 98 പന്തില്‍ 92 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായി. 26 പന്തില്‍ 39 റണ്‍സെടുത്ത ഋഷഭ് പന്തും 31 റണ്‍സെടുത്ത ഹനുമാ വിഹാരിയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മൂന്ന് വിക്കറ്റ് വീതം നേടിയ ലസിത് എംബുല്‍ഡെനിയ, ജയവിക്രമ എന്നിവരാണ് ശ്രീലങ്കന്‍ നിരയില്‍ തിളങ്ങിയത്.
ആദ്യ ഇന്നിംഗ്‌സിലെ ഇന്ത്യയുടെ 252 റണ്‍സ് പിന്തുടർന്ന ശ്രീലങ്ക 109 റണ്‍സില്‍ പുറത്തായി. അഞ്ച് വിക്കറ്റുമായി ജസ്‌പ്രീത് ബുമ്രയും രണ്ട് പേരെ വീതം പുറത്താക്കി രവിചന്ദ്ര അശ്വിനും മുഹമ്മദ് ഷമിയും ഒരാളെ പുറത്താക്കി അക്‌സര്‍ പട്ടേലുമാണ് ലങ്കയെ തരിപ്പണമാക്കിയത്. ഏഞ്ചലോ മാത്യൂസ്(43), നിരോഷന്‍ ഡിക്‌വെല്ല(21), ധനഞ്ജയ ഡിസില്‍വ (10) എന്നിവര്‍ക്ക് മാത്രമേ രണ്ടക്കം കാണാനായുള്ളൂ.
ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് ഒമ്പതിന് 303 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌ത ഇന്ത്യ 446 റണ്‍സിന്‍റെ കൂറ്റന്‍ ലീഡ് നേടി. ശ്രേയസ് അയ്യര്‍ (67), ഋഷഭ് പന്ത് (50), രോഹിത് ശര്‍മ (46) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. പ്രവീണ്‍ ജയവിക്രമ ലങ്കയ്ക്കായി നാല് വിക്കറ്റ് വീഴ്ത്തി. ലസിത് എംബുല്‍ഡെനിയക്ക് മൂന്ന് വിക്കറ്റുണ്ട്.
ഇന്ത്യ ഉയര്‍ത്തിയ 446 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക മൂന്നാം ദിനം ചായക്കുശേഷം 208 റണ്‍സിന് ഓള്‍ ഔട്ടായി. 107 റണ്‍സുമായി ക്യാപ്റ്റന്‍ കരുണരത്നെയും അര്‍ധസെഞ്ച്വറിയുമായി കുശാല്‍ മെന്‍ഡിസും ലങ്കക്കായി പൊരുതിയെങ്കിലും നാലുവിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനും മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രക്കും മുന്നില്‍ ലങ്കയുടെ മറ്റ് ബാറ്റര്‍മാരെല്ലാം പൊരുതാതെ മുട്ടുമടക്കി. അക്ഷര്‍ പട്ടേല്‍ ഇന്ത്യക്കായി രണ്ട് വിക്കറ്റെടുത്തു.
അതിവേഗ അർദ്ധസെഞ്ച്വറിയുമായി പന്ത്
വിക്കറ്റ് കീപ്പർ - ബാറ്റർ ഋഷഭ് പന്ത് ടെസ്‌റ്റിലെ ഇന്ത്യൻ ബാറ്ററുടെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറി സ്വന്തമാക്കി. വെറും 28 പന്തില്‍ ഏഴുഫോറും രണ്ട് സിക്‌സും സഹിതമാണ് അര്‍ദ്ധ സെഞ്ച്വറിയിലെത്തിയത്. 1982-ല്‍ പാകിസ്‌താനെതിരെ 30 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച കപില്‍ ദേവിന്‍റെ റെക്കോഡാണ് മറികടന്നത്.
സ്ഥിരതായാർന്ന പ്രകടനവുമായി ശ്രേയസ്
തന്‍റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ശ്രേയസ് അയ്യര്‍. ശ്രീലങ്കയ്‌ക്കെതിരെ ടി20 പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദ സീരീസ് ശ്രേയസായിരുന്നു. അതേ ഫോം ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലും തുടർന്നു ശ്രേയസ്. ബംഗളൂരുവില്‍ നടക്കുന്ന പകല്‍- രാത്രി ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ താരം 92 റണ്‍സ് നേടിയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ശ്രേയസ് 67 റണ്‍സാണ് നേടിയത്.
ഇന്ത്യയിൽ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവുമായി ബുംറ
ഇന്ത്യൻ മണ്ണിൽ ആദ്യ അഞ്ചുവിക്കറ്റ് നേട്ടവുമായി മുന്നിൽ നിന്ന് നയിച്ച പേസ് ബൗളർ ജസ്പ്രീത് ബുംറയാണ് ലങ്കൻ ബാറ്റിങ് നിരയെ തകർത്തത്. ബുംറ 10 ഓവറിൽ 24 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. രാജ്യാന്തര ടെസ്റ്റ് കരിയറിൽ ബുംറയുടെ എട്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്.