മുംബൈ: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ രണ്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയുടെ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്കയ്‌ക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ 160 റണ്‍സ് നേടാനേ സാധിച്ചുള്ളു. അരങ്ങേറ്റ മത്സരത്തിൽ നാല് വിക്കറ്റ് വീഴ്‌ത്തിയ ശിവം മാവി ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.
അവസാന ഓവറുകളിൽ നായകൻ ദസുൻ ഷനകയും ചാമിക കരുണരത്‌നെയും വിറപ്പിച്ചെങ്കിലും മികച്ച ബോളിങ്ങിലൂടെ ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു. അവസാന ഓവറിൽ 13 റണ്‍സായിരുന്നു ശ്രീലങ്കയുടെ വിജയ ലക്ഷ്യം. എന്നാൽ അക്‌സർ പട്ടേൽ എറിഞ്ഞ ഓവറിൽ 10 റണ്‍സെടുക്കാനേ ശ്രീലങ്കയ്‌ക്ക് സാധിച്ചുള്ളു. ശിവം മാവിക്ക് പുറമെ ഉമ്രാൻ മാലിക്, ഹർഷൽ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
ഇന്ത്യയുടെ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്കയ്‌ക്ക് രണ്ടാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്‌ടമായി. മൂന്ന് പന്തിൽ ഒരു റണ്‍സ് നേടിയ ഓപ്പണർ പാത്തും നിസങ്കയെ അരങ്ങേറ്റക്കാരനായ ശിവം മാവി ബൗൾഡാക്കുകയായിരുന്നു. പിന്നാലെ മൂന്നാം ഓവറിൽ ധനജ്ഞയ സിൽവയെ (8) സഞ്ജു സാംസന്‍റെ കൈകളിലെത്തിച്ച് ശിവം മാവി ശ്രീലങ്കയ്‌ക്ക് ഇരട്ട പ്രഹരം നൽകി. ഇതോടെ ശ്രീലങ്ക രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 24 എന്ന നിലയിലായി.
തുടർന്ന് ക്രീസിലെത്തിയ ചരിത് അസലങ്കയെ ഇഷാൻ കിഷന്‍റെ കൈകളിലെത്തിച്ച് ഉമ്രാൻ മാലിക് ശ്രീലങ്കയെ പ്രതിരോധത്തിലാക്കി. 15 പന്തിൽ 12 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. തൊട്ടടുത്ത ഓവറിൽ തന്നെ ഒരു വശത്ത് നിലയുറപ്പിക്കുകയായിരുന്ന ഓപ്പണർ കുശാൽ മെൻഡിസിനെ സഞ്ജു സാംസന്‍റെ കൈകളിലെത്തിച്ച് ഹർഷൽ പട്ടേലും വിക്കറ്റ് വേട്ട ആരംഭിച്ചു. 24 പന്തിൽ 28 റണ്‍സ് നേടിയാണ് കുശാൽ പുറത്തായത്.
നിലയുറപ്പിച്ച് ഷനകയും ഹസരങ്കയും: പിന്നാലെ 11-ാം ഓവറിൽ ഭാനുക രാജപക്‌സയേയും(10) മടക്കി ഹർഷൽ മത്സരത്തെ ഇന്ത്യക്ക് അനുകൂലമാക്കി മാറ്റി. ഇതോടെ അനായാസ വിജയം ലക്ഷ്യമിട്ട ഇന്ത്യക്ക് മുന്നിൽ വിലങ്ങുതടിയായി നായകൻ ദസുൻ ഷനകയും, വനിന്ദു ഹസരങ്കയും നിലയുറപ്പിച്ച് കളിക്കാൻ തുടങ്ങി. തകർച്ചയിലേക്ക് നീങ്ങിയ ശ്രീലങ്കയെ ഇരുവരും ചേർന്ന് മെല്ലെ കരകയറ്റിത്തുടങ്ങി. നിർണായകമായ 40 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്.
എന്നാൽ 14-ാം ഓവറിൽ ഹസരങ്കയെ ഹാർദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ച് ശിവം മാവി മത്സരത്തിലേക്ക് ഇന്ത്യയെ വീണ്ടും തിരികെയെത്തിച്ചു. 10 പന്തിൽ രണ്ട് സിക്‌സിന്‍റെയും ഒരു ഫോറിന്‍റെയും അകമ്പടിയോടെ 21 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. എന്നാൽ ഒരറ്റത്ത് നിലയുറപ്പിച്ച് തകർത്തടിച്ചുകൊണ്ടിരുന്ന ഷനക ഒരുവേള ഇന്ത്യയുടെ കൈകളിൽ നിന്ന് മത്സരം പിടിച്ചെടുക്കുമെന്ന് വരെ തോന്നിച്ചു.
പക്ഷേ ഉമ്രാൻ മാലിക്കിന്‍റെ 16-ാം ഓവറിൽ കളിയുടെ ഗതി മാറിമറിഞ്ഞു. മികച്ച രീതിയിൽ ബാറ്റ് വീശുകയായിരുന്ന ശ്രീലങ്കൻ നായകനെ ചഹാലിന്‍റെ കൈകളിലെത്തിച്ച് ഉമ്രാൻ മത്സരത്തെ വീണ്ടും ഇന്ത്യക്ക് അനുകൂലമാക്കി. 27 പന്തിൽ മൂന്ന് വീതം സിക്‌സും ഫോറും ഉൾപ്പെടെ 45 റണ്‍സ് നേടിയാണ് ഷനക പുറത്തായത്. തൊട്ടുപിന്നാലെ മഹീഷ് തീക്ഷണയെ (1) പുറത്താക്കി ശിവം മാവി ശ്രീലങ്കയെ വീണ്ടും പ്രതിരോധത്തിലാക്കി.
വിറപ്പിച്ച് കരുണരത്‌നെ: അവസാന ഓവറുകളിൽ തകർത്തടിച്ചുകൊണ്ട് ചാമിക കരുണരത്‌നെ ഇന്ത്യയെ ഒന്ന് വിറപ്പിച്ചു. എന്നാൽ അവസാന ഓവറിൽ വേണ്ടിയിരുന്ന 13 റണ്‍സ് നേടിയെടുക്കാൻ താരത്തിനായില്ല. അവസാന ഓവറിൽ കസുൻ രജിത(5), ദിൽഷാൻ മധുഷനക(0) എന്നിവരുടെ റണ്‍ഔട്ടുകളും ശ്രീലങ്കയ്‌ക്ക് തിരിച്ചടിയായി. ചാമിക കരുണരത്‌നെ 16 പന്തിൽ രണ്ട് സിക്‌സുകളുടെ അകമ്പടിയോടെ 23 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത ഇന്ത്യക്കായി ദീപക് ഹൂഡ(41), ഇഷാൻ കിഷൻ(31), അക്‌സർ പട്ടേൽ(31) എന്നിവർക്ക് മാത്രമേ തിളങ്ങാനായുള്ളു. സഞ്ജു സാംസണ്‍(5), ശുഭ്‌മാൻ ഗിൽ(7), സൂര്യകുമാർ യാദവ്(7) എന്നിവർ നിരാശപ്പെടുത്തി. ഒരു ഘട്ടത്തിൽ നൂറ് കടക്കാൻ പോലും പ്രയാസപ്പെടുമെന്ന് തോന്നിച്ച ഇന്ത്യയെ ദീപക് ഹൂഡ, അക്‌സർ പട്ടേൽ സഖ്യമാണ് മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. ഇരുവരും ചേർന്ന് 68 റണ്‍സിന്‍റെ മികച്ച കൂട്ടുകെട്ടാണ് സ്വന്തമാക്കിയത്.