രാജ്കോട്ട്:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി-20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയ്‌ക്ക് 82 റണ്‍സിന്‍റെ ഉജ്വല വിജയം. ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്താഫ്രിക്കയ്‌ക്ക് 87 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. ആദ്യ മത്സരങ്ങളില്‍ നിറം മങ്ങിയ പ്രകടനം കാഴ്‌ചവെച്ച ആവേശ് ഖാന്‍റെ മിന്നും ബോളിങ് പ്രകടനമാണ് നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്.
മത്സരത്തില്‍ നാലോവര്‍ പന്തെറിഞ്ഞ ആവേശ് നാല് വിക്കറ്റുകളും സ്വന്തമാക്കി. 18 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ആവേശ് ഖാന്‍റെ ബോളിങ് പ്രകടനം. എട്ട് ബാറ്റര്‍മാര്‍ രണ്ടക്കം കാണാതിരുന്ന മത്സരത്തില്‍ 20 റണ്‍സ് നേടിയ വാന്‍ ഡെര്‍ ഡുസാനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. നായകൻ ടെംബ ബാവുമ റിട്ടയേർഡ് ഹർട്ടായി.
170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് 74 റണ്‍സ് എടുക്കുന്നതിനിടെ ആദ്യ അഞ്ച് വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു. അവസാന 4 വിക്കറ്റുകള്‍ 13 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് സൗത്ത് ആഫ്രിക്കയ്‌ക്ക് നഷ്‌ടമായത്. മത്സരത്തില്‍ യുസ്‌വേന്ദ്ര ചഹാല്‍ രണ്ടും, അക്സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഇന്ത്യയ്‌ക്കായി ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ദിനേശ് കാര്‍ത്തിക്കിന്‍റെയും, ഹാര്‍ദിക് പാണ്ഡ്യയുടെയും ബാറ്റിങ് കരുത്തിലാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിയത്. അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനത്തിലൂടെ 55 റണ്‍സ് നേടിയ കാര്‍ത്തിക്കാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍.
ആദ്യ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ട ഇന്ത്യ അവസാന രണ്ട് മത്സരങ്ങളില്‍ വിജയിച്ച് മികച്ച തിരിച്ചുവരവാണ് പരമ്പരയില്‍ നടത്തിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-2-ന് ഒപ്പമെത്താനും ഇന്ത്യയ്‌ക്കായി. കലാശപോരാട്ടത്തിന് സമമായ പരമ്പരയിലെ അവസാന മത്സരം ജൂണ്‍ 19ന് രാത്രി ഏഴിന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് നടക്കുക.