തിരുവനന്തപുരം : ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 8 വിക്കറ്റ് വിജയം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 14 പന്തുകൾ അവശേഷിക്കയാണ് ഇന്ത്യ മറികടന്നത്. മികച്ച ബൗളിങ്ങുമായി ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കിയ ബോളർമാരും അർദ്ധ സെഞ്ച്വറിയോടെ പുറത്താകാതെ നിന്ന കെ.എല്‍.രാഹുലും സൂര്യകുമാര്‍ യാദവുമാണ് ഇന്ത്യൻ വിജയത്തിൽ നിര്‍ണായക പങ്കുവഹിച്ചത്.
സൂര്യകുമാര്‍ യാദവ് 33 പന്തില്‍ റണ്‍സെടുത്തപ്പോള്‍ കെ എല്‍ രാഹുല്‍ 56 പന്തില്‍ 51 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായി. ദക്ഷിണാഫ്രിക്കക്കായി കഗിസോ റബാഡയും ആൻഡ്രിക് നോർഷയും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.
ദക്ഷിണാഫ്രിക്കയുടെ ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. പവര്‍ പ്ലേയില്‍ തന്നെ രോഹിത് ശര്‍മ സംപൂജ്യനായി മടങ്ങി. വെറും രണ്ട് പന്തുകള്‍ മാത്രം നേരിട്ടാണ് രോഹിത് ക്രീസ് വിട്ടത്. കഗിസോ റബാഡക്കാണ് വിക്കറ്റ്.
പവര്‍ പ്ലേയില്‍ രാഹുലിന് റൺസ് കണ്ടെത്താനാകാതിരിക്കുകയും വിരാട് കോലിക്ക് നല്ല തുടക്കം കിട്ടാതാകുകയും ചെയ്‌തതോടെ ഇന്ത്യ പവര്‍ പ്ലേയില്‍ 17 റണ്‍സിലൊതുങ്ങി. രാജ്യാന്തര ടി20യില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ പവര്‍പ്ലേ സ്കോറാണിത്. 2016ല്‍ പാകിസ്ഥാനെതിരെ ധാക്കയില്‍ മൂന്ന് വിക്കറ്റിന് 21 റണ്‍സ് കുറിച്ചതായിരുന്നു നേരത്തെയുണ്ടായിരുന്ന റെക്കോര്‍ഡ്.
11-ാം ഓവറിലാണ് ഇന്ത്യന്‍ സ്‌കോര്‍ 50 കടന്നത്. ചെറിയ വിജയലക്ഷ്യമായിരുന്നിട്ടുപോലും ഇന്ത്യയ്ക്ക് അനായാസം റണ്‍സ് കണ്ടെത്താനായില്ല. സൂര്യകുമാര്‍ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റുവീശിയപ്പോള്‍ രാഹുല്‍ അതീവ ശ്രദ്ധയോടെയാണ് കളിച്ചത്. ഇരുവരും ചേര്‍ന്ന് വൈകാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ആദ്യം ബാറ്റുചെയ്‌ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 106 റണ്‍സെടുത്തു. തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവെച്ച ഇന്ത്യന്‍ ബൗളര്‍മാരാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. 41 റണ്‍സെടുത്ത കേശവ് മഹാരാജാണ് ടീമിന്‍റെ ടോപ്‌സ്‌കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിങ് നാലോവറില്‍ 32 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റെടുത്തു. ഹര്‍ഷല്‍ പട്ടേലും ദീപക് ചാഹറും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.
തുടക്കത്തില്‍ പേസിനെ തുണച്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആദ്യ ഓവറില്‍ ക്യാപ്റ്റന്‍ ടെംബാ ബാവുമയെ നഷ്‌ടമായ ദക്ഷിണാഫ്രിക്കയ്ക്ക് അര്‍ഷ്‌ദീപ് രണ്ടാം ഓവറില്‍ മൂന്ന് വിക്കറ്റ് കൂടി നഷ്‌ടമായി. പവര്‍ പ്ലേയിലെ മൂന്നാം ഓവറില്‍ ദീപക് ചാഹര്‍ ഒരു വിക്കറ്റ് കൂടി വീഴ്ത്തി ദക്ഷിണാഫ്രിക്കയെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിയിടുകയായിരുന്നു. മഹാരാജിന് പുറമെ 24 പന്തില്‍ 25 റണ്‍സെടുത്ത ഏയ്‌ഡന്‍ മാര്‍ക്രവും 37 പന്തില്‍ 24 റണ്‍സെടുത്ത വെയ്ന്‍ പാര്‍ണലും മാത്രമേ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പൊരുതിയത്.