എഡ്‌ജ്‌ബാസ്റ്റണ്‍ : രണ്ടാം ട്വന്‍റി - 20 മത്സരത്തിലും ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ. 49 റണ്‍സിന്‍റെ ആധികാരിക ജയത്തോടെ ഒരു മത്സരം ശേഷിക്കെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0 ന് സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 17 ഓവറില്‍ 121 റണ്‍സിന് എല്ലാവരും പുറത്തായി. മികച്ച രീതിയിൽ പന്തെറിഞ്ഞ ബോളർമാരാണ് ഇന്ത്യയെ അനായാസം ജയത്തിലെത്തിച്ചത്.
171 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിനെ ആദ്യ പന്തില്‍ തന്നെ ഞെട്ടിച്ചാണ് ഇന്ത്യ തുടങ്ങിയത്. ഓപ്പണര്‍ ജേസണ്‍ റോയിയെ (0) ഭുവനേശ്വര്‍ കുമാര്‍ രോഹിത് ശര്‍മയുടെ കൈയിലെത്തിച്ചു. പിന്നാലെ മൂന്നാം ഓവറില്‍ ക്യാപ്‌റ്റന്‍ ജോസ് ബട്ട്‌ലറെയും (4) മടക്കിയ ഭുവി ഇന്ത്യയ്‌ക്ക് സ്വപനതുല്യമായ തുടക്കം സമ്മാനിച്ചു.
പിന്നാലെ ക്രീസിലെത്തിയ ലിവിങ്‌സ്റ്റൺ തകർത്തടിച്ചതോടെ ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകി. എന്നാൽ ജസ്പ്രീത് ബുംറയുടെ പന്തിൽ ബൗള്‍ഡായി ലിവിങ്‌സ്റ്റൺ മടങ്ങി. ഒമ്പത് പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 15 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
ശേഷം, കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ഹാരി ബ്രൂക്കിനെ (8) യുസ്‌വേന്ദ്ര ചാഹല്‍, സൂര്യകുമാര്‍ യാദവിന്‍റെ കൈയിലെത്തിച്ചു. പത്താം ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് മലാനെയും ചാഹല്‍ മടക്കിയതോടെ ഇംഗ്ലണ്ട് അഞ്ചിന് 55 എന്ന നിലയിലേക്ക് വീണു. 25 പന്തില്‍ നിന്ന് 19 റണ്‍സ് മാത്രമാണ് മലാന് നേടാനായത്.
21 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 35 റണ്‍സെടുത്ത മോയിന്‍ അലി ഒറ്റയ്ക്ക് പൊരുതി നോക്കിയെങ്കിലും ജയം വിദൂരമായിരുന്നു. 15-ാം ഓവറില്‍ അലിയെ മടക്കിയ ഹാര്‍ദിക് ഇംഗ്ലണ്ടിന്റെ അവസാന പ്രതീക്ഷയും ഇല്ലാതാക്കി. 22 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത ഡേവിഡ് വില്ലി പുറത്താകാതെ നിന്നു. സാം കറന്‍ (2), ക്രിസ് ജോര്‍ദാന്‍ (1), റിച്ചാര്‍ഡ് ഗ്ലീസണ്‍ (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്നും ബുംറ, ചാഹല്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി. നായകന്‍ രോഹിത് ശര്‍മയ്ക്ക് കീഴില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ 14-ാം ട്വന്റി 20 വിജയം കൂടിയാണിത്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ട്വന്റി 20 പരമ്പര ജയവും.
നേരത്തെ ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്‌ടത്തിലാണ് 170 റണ്‍സെടുത്തത്. 29 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. രോഹിത് ശര്‍മയും റിഷഭ് പന്തും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കം നല്‍കിയെങ്കിലും മധ്യനിര നിരാശപ്പെടുത്തിയതാണ് കൂറ്റൻ സ്‌കോറിൽ നിന്ന് അകറ്റിയത്.