ചിറ്റഗോംങ്:ബംഗ്ലാദേശിന് എതിരായ ഏകദിന പരമ്പരയില്‍ ആദ്യ രണ്ട് മത്സങ്ങളും തോറ്റെങ്കിലും മൂന്നാം മത്സരം ഗംഭീരമായി വിജയിച്ച് ടീം ഇന്ത്യ. മൂന്ന് മത്സരങ്ങളുടെ പരമ്പര (2-1)ന് നഷ്‌ടമായെങ്കിലും നായകൻ രോഹിത്തിന്‍റെ അഭാവത്തില്‍ ഓപ്പണറായി എത്തിയ യുവതാരം ഇഷാൻ കിഷന്‍റെ തകർപ്പൻ ഇരട്ട സെഞ്ച്വറിയും വിരാട് കോലിയുടെ സെഞ്ച്വറി പ്രകടനവുമാണ് മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിർണായകമായത്. വിജയമാർജിനില്‍ ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ വിജയമാണ് ഇന്ന് ചിറ്റഗോങില്‍ നേടിയത്.
ടോസ് നഷ്‌ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ ഉയർത്തിയ 410 എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശ് 34 ഓവറില്‍ 182 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ ഇന്ത്യയ്ക്ക് 227 റൺസിന്‍റെ കൂറ്റൻ വിജയം സ്വന്തമായി. ബംഗ്ലാദേശ് നിരയില്‍ 43 റൺസെടുത്ത ഷാക്കിബ് അല്‍ ഹസൻ മാത്രമാണ് പിടിച്ചു നിന്നത്. ഇന്ത്യയ്ക്ക് വേണ്ടി ശാർദുല്‍ താക്കൂർ മൂന്ന് വിക്കറ്റും ഉമ്രാൻ മാലിക്, അക്‌സർ പട്ടേല്‍ എന്നിവർ രണ്ട് വിക്കറ്റും സിറാജ്, കുല്‍ദീപ് യാദവ്, വാഷിങ്‌ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റും നേടി.
ഓപ്പണർ ഇഷാൻ കിഷന്‍റെ (210) ഇരട്ട സെഞ്ച്വറിയും വിരാട് കോലിയുടെ (113) സെഞ്ച്വറിയുമാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. കിഷൻ 131 പന്തില്‍ 24 ഫോറും പത്ത് സിക്‌സും അടക്കമാണ് കരിയറിലെ ആദ്യ സെഞ്ച്വറിയും ഇരട്ട സെഞ്ച്വറിയും സ്വന്തമാക്കിയത്. കോലി 90 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും അടക്കമാണ് 113 റൺസ് നേടിയത്.
നായകൻ രോഹിത് ശർമയുടെ അഭാവത്തിൽ ശിഖർ ധവാനും, ഇഷാൻ കിഷനുമാണ് ഇന്ത്യയുടെ ഓപ്പണർമാരായെത്തിയത്. എന്നാൽ മത്സരത്തിന്‍റെ നാലാം ഓവറിൽ തന്നെ ഇന്ത്യക്ക് ശിഖർ ധവാന്‍റെ വിക്കറ്റ് നഷ്‌ടമായി. 3 റണ്‍സ് നേടിയ താരത്തെ മെഹ്‌ദി ഹസൻ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. എന്നാൽ പിന്നീട് ക്രീസിലെത്തിയ വിരാട് കോലിയും ഇഷാൻ കിഷനും ചേർന്ന് ബംഗ്ലാദേശ് ബോളർമാരെ തീർത്തും നിഷ്‌പ്രഭമാക്കുകയായിരുന്നു.
ഇഷാൻ ഷോ: രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 290 റണ്‍സിന്‍റെ കൂറ്റൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 81 പന്തിൽ തന്‍റെ സെഞ്ച്വറി പൂർത്തിയാക്കിയ കിഷൻ അടുത്ത 41 പന്തിലാണ് തന്‍റെ കരിയറിലെ ആദ്യത്തെ ഡബിൾ സെഞ്ച്വറി പൂർത്തിയാക്കിയത്. ഇതോടെ ഏകദിനത്തിലെ അതിവേഗ ഡബിൾ സെഞ്ച്വറിയും കിഷൻ പൂർത്തിയാക്കി. 128 പന്തിൽ ഡബിൾ സെഞ്ച്വറി തികച്ച ക്രിസ് ഗെയിലിന്‍റെ റെക്കോഡാണ് കിഷൻ മറികടന്നത്. കിഷന് മികച്ച പിന്തുണയുമായി കോലിയും നിലയുറപ്പിച്ചതോടെ ഇന്ത്യയുടെ സ്‌കോർ അതിവേഗം ഉയർന്നു.