പ്രൊവിഡൻസ് (ഗയാന): അണ്ടർ 19 ലോകകപ്പ് സന്നാഹ മത്സരത്തിന്‍റെ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം. 49.2 ഓവറില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 269 റണ്‍സ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ നേടിയത്.
ഓപ്പണര്‍ ഹര്‍നൂര്‍ സിങ്ങിന്‍റെ സെഞ്ചുറി പ്രകടനമാണ് ഇന്ത്യയ്‌ക്ക് മിന്നുന്ന ജയം സമ്മാനിച്ചത്. 108 പന്തില്‍ 100 റണ്‍സെടുത്ത താരം പരിക്കേറ്റ് തിരിച്ച് കയറി. 74 പന്തില്‍ 72 റൺസെടുത്ത ഷെയ്ഖ് റഷീദും, 47 പന്തില്‍ 50 റണ്‍സടിച്ച യാഷ് ധുലും ഇന്ത്യയ്‌ക്കായി തിളങ്ങി.
പരിക്കേറ്റ റഷീദ് തിരിച്ച് കയറിയപ്പോള്‍ യാഷ് ധുല്‍ പുറത്താവാതെ നിന്നു. ദിനേഷ് ബനായാണ് (2) യാഷിനൊപ്പം വിജയമുറപ്പിച്ചത്. ഓപ്പണര്‍ രഘുവംശിയുടെ (27) വിക്കറ്റ് മാത്രമാണ് ഇന്ത്യയ്‌ക്ക് നഷ്ടമായത്. ഹർകിരത് ബജ്‌വയ്‌ക്കാണ് വിക്കറ്റ്.